അജിതിന് ക്ലീന്‍ ചിറ്റ് നല്‍കിയത് അറിഞ്ഞിരുന്നില്ല: ഫഡ്‌നാവിസ്

മുംബൈ: വിദര്‍ഭ ജലവിതരണ അഴിമതിക്കേസില്‍ എന്‍സിപി നേതാവ് അജിത് പവാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി തന്റെ അംഗീകാരത്തോടെയല്ലെന്ന് മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. അജിത് പവാറിനെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തനിക്കോ സര്‍ക്കാരിനോ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര അഴിമതി വിരുദ്ധ സമിതിയാണ് അജിതിനെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചില്‍ സമര്‍പ്പിച്ചത്. ഇതിനു തൊട്ടടുത്ത ദിവസം രണ്ടാം ഫഡ്‌നാവിസ് മന്ത്രിസഭ രാജിവയ്ക്കുകയും ചെയ്തു. അഴിമതി വിരുദ്ധ സമിതിയാണ് സത്യവാങ്മൂലം നല്‍കിയത്. അടുത്ത ദിവസം താന്‍ രാജിവച്ചെന്നും ഫഡ്‌നാവിസ് പറഞ്ഞു. കോടതിയില്‍ സമര്‍പ്പിച്ച സത്യവങ്മൂലത്തിന് വിരുദ്ധമായി മറ്റൊരു സത്യവാങ്മൂലം വീണ്ടും എങ്ങനെയാണ് നല്‍കാന്‍ കഴിയുക. താന്‍ ഇതിനെ പൂര്‍ണമായും എതിര്‍ക്കുകയാണ്. ഈ സത്യവാങ്മൂലം കോടതി തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. 2014 ല്‍ ഫഡ്‌നാവിസ് മന്ത്രിസഭ ചുമതലയേറ്റ ദിവസം തന്നെയായിരുന്നു അജിത് പവാറിനെതിരെയുള്ള കോടികളുടെ അഴിമതിക്കേസ് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.
എന്നാല്‍ അജിത് പവാറിനെ തന്നെ കൂട്ടുപിടിച്ച് രണ്ടാം സര്‍ക്കാര്‍ രൂപീകരിച്ചതിനു പിന്നാലെ ഈ കേസും ഇല്ലാതാക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍