അശാസ്ത്രീയ സമീപനങ്ങള്‍ നാടിന്റെ വികസനത്തിന് തടസം: മന്ത്രി സുധാകരന്‍

അടൂര്‍: അശാസ്ത്രീയമായ ചില സമീപനങ്ങള്‍ നാടിന്റെ വികസനത്തിനു തടസമാകുന്നതായി മന്ത്രി ജി. സുധാകരന്‍. പഴകുളത്ത് ആനയടി കൂടല്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.അടൂര്‍, കുന്നത്തൂര്‍, മാവേലിക്കര, കോന്നി മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന ആനയടി പഴകുളം കുരമ്പാല കിരുകുഴി ചന്ദനപ്പള്ളി കൂടല്‍ റോഡിന്റെ നിര്‍മാണം നാടിന്റെ വലിയ വികസന പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു. 109 കോടി രൂപ ചെലവില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയ നിലവാരത്തിലാണ് റോഡ് നിര്‍മാണം നടത്തുന്നത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിര്‍മാണത്തില്‍ ഒരു കിലോമീറ്ററിന് മൂന്നു കോടി രൂപയാണ് ചെലവ്.ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തി. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കേരളത്തില്‍ ആദ്യമായി ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫുള്‍ ഡെപ്ത് റീകാല്‍മേഷന്‍ നടപ്പാക്കി അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ ഈ റോഡ് പരീക്ഷണ അടിസ്ഥാനത്തില്‍ നിര്‍മിച്ചിരുന്നു. ആനയടിയില്‍ നിന്ന് ആരംഭിക്കുന്ന റോഡ് പഴകുളം ജംഗ്ഷനില്‍ കായംകുളം പത്തനാപുരം റോഡ് ക്രോസ് ചെയ്ത് കുരമ്പാലയില്‍ എംസി റോഡില്‍ എത്തി ഏഴംകുളം കൈപ്പട്ടൂര്‍ റോഡിലെ ചന്ദനപ്പള്ളി വഴി പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെ കൂടല്‍ എത്തിച്ചേരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍