ശിക്ഷയേതൊന്നിവര്‍ക്കു വേണ്ടൂ?

 സാക്ഷാല്‍ ട്രംപിന്റെ നാട്ടില്‍ നിന്നാണ് കാലാകാലങ്ങളായി കുറ്റവാളികളുടെ വ്യക്തിപരവും സാമൂഹ്യവുമായ പ്രത്യേകതകളാലും സ്വാഭാവ വിശേഷണങ്ങളാലുമുള്ള കൊലപാതകങ്ങളുടെ കഥകള്‍ നാം കേള്‍ക്കാറുണ്ടായിരുന്നത്. അത് പോലെ മുഖ്യമായും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും. അവയില്‍ ഭൂരിപക്ഷം കൊലപാതകങ്ങളും തോക്കുകൊണ്ടുള്ള കളികളാണ്. എന്നാല്‍ സ്വതന്ത്ര ജീവിതവും അമിത ലൈംഗിക സ്വാതന്ത്ര്യവും അന്നാടുകളുടെ സംസ്‌കാരമായത് കൊണ്ട് തന്നെയായിരിക്കാം ലൈംഗികാതിക്രമങ്ങളും അതുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും അവിടങ്ങളില്‍ നിന്നൊന്നും കര്യമായി വാര്‍ത്തകളില്‍ നിറയാറില്ല. എന്നാല്‍ ഈയിടെയായി നമ്മുടെ ഈ ഇന്ത്യാ മഹാരാജ്യം സ്ത്രീ പീഢനത്തിന്റെയും ബന്ധപ്പെട്ട കൊലപാതകങ്ങളുടെയും ഒരു വിശേഷ ഭൂമിയായി മാറിയിരിക്കുന്നു. ഏതാണ്ട് രണ്ട് മൂന്ന് വര്‍ഷം മുമ്പ് രാജ്യതലസ്ഥാനത്ത് തന്നെ നടന്ന നിര്‍ഭയാകേസ്സിന്റെ കാര്യം നമ്മുടെ ഓര്‍മ്മയിലുണ്ട്. അതിനുശേഷം അത്തരം കുറ്റകൃത്യങ്ങള്‍ക്ക് അതിവേഗ വിചാരണയും അതികഠിനശിക്ഷയുമൊക്കെ പ്രതിപാദിക്കുന്ന നിയമഭേദഗതികള്‍ വരെ രാജ്യത്തുണ്ടായി. എന്നാല്‍ ഈ ഭൂമിയിലെ ചെകുത്താന്മാരുടെ കൂട്ടം രാജ്യത്തെ സ്ത്രീ വര്‍ഗത്തെ മൊത്തം ആശങ്കയിലും ഭയത്തിലുമാഴ്ത്തിക്കൊണ്ട് ക്രൂരമായ ലൈംഗികാത്രിക്രമങ്ങളും പരിണിത കൊലപാതകങ്ങളും നടത്തികൊണ്ടേയിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലെ ഇരയാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ ഷംബാന ദേശീയ പാതയില്‍ ക്രൂരമായ കൂട്ടബാല്‍സംഗത്തിനു ശേഷം കൊല ചെയ്ത് ചുട്ടെരിക്കപ്പെട്ട യുവതിയായ വെറ്റിനറി ഡോക്ടര്‍. ത്വക് രോഗ വിദഗ്ധനെ കാണാന്‍ സ്‌കൂട്ടറില്‍ പോയി മടങ്ങവെ അവര്‍ ലോറിത്തൊഴിലാളികളായ 4 കശ്മലര്‍ ഒരുക്കിയട്രാപ്പില്‍പെട്ടുപോവുകയായിരുന്നു. ഒരാള്‍ അവരറിയാതെ സ്‌കൂട്ടറിന്റെ കാറ്റഴിച്ചുവിട്ടു. എന്നിട്ടതിന്റെ റിപ്പയറിങ്ങിന് സഹായവും വാഗ്ദാനം ചെയ്തു. സ്‌കൂട്ടറുമായി അയാള്‍ പോയപ്പോള്‍ ബാക്കിയുള്ള മൂവര്‍ സംഘം അവരെ കീഴ്‌പെടുത്തിഒരൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി മാറിമാറി ബലാല്‍സംഗംചെയ്തു. അതിന് തുടര്‍ച്ചയായി സ്‌കൂട്ടറുമായി പോയ ആളും തിരിച്ചു വന്ന് ആ ക്രൂരകൃത്യത്തില്‍ പങ്കുപറ്റി. സംഭവത്തിനിടെ ശ്വാസം മുട്ടി കൊല്ലപ്പെടാനിടയായ അവരുടെ മൃതദേഹം ആ കൊടും ക്രിമിനലുകള്‍ ഒരു ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് അടുത്തുള്ള കലുങ്കിനടിയില്‍ കൊണ്ടുപോയി അഗ്നിക്കരയാക്കുകയായിരുന്നു. ഒരൊത്ത യുവതിയെ രാത്രി സമയത്ത് ഒറ്റക്ക് കണ്ടപ്പോള്‍ ഈ നാല്‍വര്‍സംഘം അവരെ അനുഭവിക്കാന്‍ ഗൂഡാലോചന നടത്തുകയായിരുന്നുവത്രെ. മദ്യത്തിന്റെ ലരി അവരെ നയിച്ചത് അങ്ങിനയൊരു കൊടു ക്രൂരതയിലേക്കായിരുന്നു. ഈ പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് ശരി തന്നെ. ഇത് ഗുരുതമായ കേസ്സാവുകയും അവര്‍ വിചാരണ ചെയ്യപ്പെടുകയും മിക്കവാറും കഠിനമായി ശിക്ഷിക്കപ്പെടുകയും ചെയ്‌തേക്കാം, അന്വേഷണോദ്യാഗസഥര്‍ ശക്തമായ തെളിവുകള്‍ ശേഖരിച്ച് വിചാരണക്കോടതിയെ ബോധ്യപ്പെടുത്തിയാല്‍(ഇന്നലെ കാസര്‍ഗോഡ് ഇങ്ങിനെയൊരു പ്രതിക്ക് ജീവിതാവസാനം വരെ തടവു വിധിക്കപ്പെട്ടിട്ടുണ്ട്). ഡോക്ടര്‍ ഇരയായ സംഭവത്തിന് ശേഷവും രാജ്യത്തെ പല സംസ്ഥാനങ്ങളിള്‍ നിന്നും കേട്ടു സമാന സംഭവങ്ങളുടെ സമാചാരങ്ങള്‍.
പക്ഷെ ഈ കേസിലെ പ്രശ്‌നം അതൊന്നുമല്ല. ഹതഭാഗ്യയായ ആ യുവതിയുടെ അവസാനത്തെ ആത്മരോദനത്തിന് ആര് ഉത്തരം പറയും. അവരുടെ സ്വന്തക്കാരുടെ തീരാദുഖം ആരു ശമിപ്പിക്കും. ഇത് കൊണ്ടൊക്കെ തന്നെയായിരിക്കാം രാജ്യത്തെ സ്ത്രീ കൂട്ടായ്മകളും സ്ത്രീ ശാക്തീകരണ ഏജന്‍സികളും വിദ്യാര്‍ത്ഥി സമൂഹവുമൊക്കെ പ്രതികള്‍ക്ക് ജീവിതാവസാനം വരെ കഠിനതടവോ വധശിക്ഷയോ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തെരുവിലിറങ്ങിയിരിക്കുന്നത്. ഇരയുടെ വീട്ടില്‍ വന്ന് ആരും സഹതാപം കാണിക്കേണ്ടെന്ന് കൂടി അവര്‍ കട്ടായം പറയുന്നു. ഏറ്റെവുമൊടുവിലായി ഈ നാല്‍വര്‍ സംഘത്തില്‍ ഒരുവന്റെ അമ്മ തന്നെ പറഞ്ഞു കഴിഞ്ഞു, അവന്മാര്‍ക്ക് എന്തു ശിക്ഷയും കൊടുത്തോളൂ എന്ന്. ഇതുമായി ബന്ധപ്പെട്ട് ഒരു തനിനാടന്‍ മനുഷ്യന്‍ പറഞ്ഞതെന്താണെന്നോ, ഇതിന് പോലീസും കോടതിയൊന്നുമല്ല വേണ്ടത്, ആ നാല് എമണ്ടന്‍മാരുടെയും ലൈംഗികാവയവം പൊതു സ്ഥലത്ത് വെച്ച് വെട്ടണമെന്ന്. എങ്കില്‍ പിന്നെ വിഷാദം മൂത്ത് ക്രമേണ അവര്‍ ആത്മഹത്യ ചെയ്തു കൊള്ളുമെന്നും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍