ഫാത്തിമാ കേസ്: ആത്മഹത്യാക്കുറിപ്പ് മരിക്കുന്നതിന് മുമ്പ് എഴുതിയത് തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

 ചെന്നൈ: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മൊബൈലിലെ ആത്മഹത്യാക്കുറിപ്പ് മരിക്കുന്നതിന് മുമ്പ് എഴുതിയത് തന്നെയെന്ന് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഫോറന്‍സിക് വിഭാഗം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അദ്ധ്യാപകനാണ് മരണത്തിന് ഉത്തരവാദി എന്നായിരുന്നു ഫാത്തിമയുടെ ഫോണില്‍ സ്‌ക്രീന്‍സേവറായി ഉണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പ്. ഈ സ്‌ക്രീന്‍ഷോട്ടും, ഫോണിലെ രണ്ട് കുറിപ്പുകളും ഫാത്തിമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവംബര്‍ ഒന്‍പതിന് മുമ്പ് എഴുതിയെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. സുദര്‍ശന്‍ പത്മനാഭന്റെ പേരുള്ള ആത്മഹത്യാക്കുറിപ്പ് രാത്രി 12.27ന് എഴുതിയതാകാം എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഫോണിലെ മറ്റ് കുറിപ്പുകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അന്വേഷണ സംഘം കൈപ്പറ്റി. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെ വീണ്ടും ചോദ്യം ചെയ്യും. അതേസമയം, കേസ് എന്തുകൊണ്ട് സി.ബി.സി.ഐഡിക്ക് തമിഴ്‌നാട് സര്‍ക്കാര്‍ വിടുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചു. കേസ് വിദഗ്ദ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഐ.ഐ.ടിയില്‍ നടന്ന മരണങ്ങളിലും വിശദമായ അന്വേഷണം വേണമെന്നും കോടതി പറഞ്ഞു. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നതിലും കോടതി വിമര്‍ശനം ഉന്നയിച്ചു. സി.ബി.ഐ അന്വേഷണ ആവശ്യത്തില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍