വിമതര്‍ക്ക് ഇടം നല്‍കും: കര്‍ണാടകയില്‍ മന്ത്രിസഭാ വികസനത്തിന് ഒരുങ്ങി ബി.ജെ.പി

ബംഗ്‌ളൂര്‍:കര്‍ണാടകയില്‍ നിര്‍ണായക ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ മന്ത്രിസഭാ വികസനത്തിന് ഒരുങ്ങുകയാണ് ബി.ജെ.പി. ഒപ്പം നിന്ന വിമതര്‍ക്ക് മന്ത്രിസഭയില്‍ ഇടം നല്‍കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പ്രഖ്യാപിച്ച് കഴിഞ്ഞു. കോണ്‍ഗ്രസിന്റെ വലിയ തോല്‍വി പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ക്ക് വഴിവച്ചേക്കും. ബി.ജെ.പിയെ കര്‍ണാടകയില്‍ അധികാരത്തിലെത്തിച്ച, വിമത നീക്കത്തിന് നേതൃത്വം നല്‍കിയ രമേഷ് ജാര്‍ക്കി ഹോളിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഗോഗാക്കില്‍ നിന്നാണ് രമേഷ് വീണ്ടും നിയമസഭയില്‍ എത്തിയത്. മന്ത്രിസഭാ വികസനം സംബന്ധിച്ച് കേന്ദ്രത്തിന്റെ അനുമതി തേടുന്നതിനായി മുഖ്യമന്ത്രി യെദ്യൂരപ്പ അടുത്ത ദിവസം ഡല്‍ഹിക്ക് തിരിയ്ക്കും. മത്സരിച്ച 13 വിമതരില്‍ 11 പേരും വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഹൊസക്കോട്ടയില്‍ തോറ്റെങ്കിലും വിമതരില്‍ പ്രമുഖനായ എം.ടി.ബി നാഗരാജിനെ കൈവിടാന്‍ ബി.ജെ.പി ഒരുക്കമല്ല. നിയമസഭാ കൗണ്‍സിലിലെത്തിച്ച് നാഗരാജിന് മന്ത്രി സ്ഥാനം നല്‍കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി നടത്തുന്നുണ്ട്. പരാതികളില്ലാതെ മുഴുവന്‍ വിമതര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. സുസ്ഥിര ഭരണത്തിന് ബി.ജെ.പി തയ്യാറെടുക്കുമ്പോള്‍. മറുവശത്ത് കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലാണ്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും പി.സി.സി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും രാജിവെച്ചതിന് പിന്നാലെ, കൂടുതല്‍ പേര്‍ ഇതിന് തയ്യാറായേക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഡി.കെ ശിവകുമാര്‍ എത്തിയേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ സിദ്ധരാമയ്യ, പി.സി.സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഇരുവരും രാജിവച്ചത്  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍