എന്‍പിആറും എന്‍ആര്‍സിയും പാവപ്പെട്ടവര്‍ക്കുമേലുള്ള നികുതി: രാഹുല്‍ഗാന്ധി

 റായ്പുര്‍: നോട്ട് നിരോധനംപോലെതന്നെ ദേശീയ പൗരത്വ പട്ടികയും ജനസംഖ്യാ രജിസ്റ്ററും പാവപ്പെട്ടവര്‍ക്കുമേലുള്ള നികുതിയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2016 ല്‍ നോട്ട് റദ്ദാക്കിയതിനുശേഷം നേരിട്ട അതേ ബുദ്ധിമുട്ടുകള്‍ എന്‍പിആറും എന്‍ആര്‍സിയും നടപ്പാക്കുന്നതോടെ ഉണ്ടാകുമെന്നും റായ്പുര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നാഷണല്‍ ട്രൈബല്‍ ഡാന്‍സ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു കോണ്‍ഗ്രസ് നേതാവ്. നോട്ട് നിരോധനത്തെത്തുടര്‍ന്നു ബാങ്കുകളില്‍ പണം നിക്ഷേപിച്ചവര്‍ക്ക് അതു പിന്‍വലിക്കാന്‍ കഴിഞ്ഞിരുന്നില്ല. പത്തോ ഇരുപതോ സമ്പന്നരുടെ അക്കൗണ്ടുകളിലേക്കാണ് പണം മുഴുവന്‍ ഒഴുകിയത്. എന്‍പിആറിലും എന്‍ആര്‍സിയിലും സംഭവിക്കുന്നതും ഇതാണ്. സാധാരണക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ രേഖകള്‍ മുഴുവന്‍ സമര്‍പ്പിക്കണം. ചെറിയൊരു പിഴവുണ്ടായാല്‍പ്പോലും അവര്‍ക്കു കൈക്കൂലി നല്‍കേണ്ടിവരും. സമ്പദ്ഘടന നേരത്തെ ഒമ്പതുശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ നാല് ശതമാനത്തിലേക്കു താഴ്ന്നിരിക്കുന്നു. അതുപോലും പുതിയൊരു രീതിയില്‍ കണക്കാക്കിയതുകൊണ്ടാണ്. പഴയരീതിയിലായിരുന്നു കണക്കുകൂട്ടലുകളെങ്കില്‍ വളര്‍ച്ചാനിരക്ക് വെറും 2.50 ശതമാനം മാത്രമായിരിക്കുമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍