പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് പ്രമോദ് സാവന്ത്

പനജി: പൗരത്വ നിയമ ഭേദഗതിക്കും എന്‍.ആര്‍.സിക്കുമെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നിതിനിടെ പൗരത്വ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് ഗോവ മുഖ്യമന്ത്രി. ബി.ജെ.പി മുഖ്യമന്ത്രി തന്നെ ഇത്തരത്തില്‍ പരസ്യമായി രംഗത്തു വന്നതോടെ സര്‍ക്കാര്‍ വെട്ടിലായി. സംസ്ഥാനത്ത് പൗരത്വ രജിസ്റ്റര്‍ ആവശ്യമേ ഇല്ല എന്നായിരുന്നു ഗോവ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്തിന്റെ പ്രസ്താവന.ഗോവയിലെ ആളുകള്‍ പൗരത്വ രജിസ്റ്ററിനെ ഭയക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗോവയില്‍ പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ടുമായി ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ഭാവിയെ ബാധിക്കുന്നതാണ് ബി.ജെ.പി സഖ്യസര്‍ക്കാരിന്റെ നീക്കമെന്ന കോണ്‍ഗ്രസ് പ്രചാരണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നേടണമെങ്കില്‍ അതിന് നിലവില്‍ സംവിധാനങ്ങളുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്‍.ആര്‍.സി ഗോവയില്‍ നടപ്പാക്കേണ്ടതുണ്ടോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അതിന്റെ ആവശ്യമേ ഇല്ല എന്നായിരുന്നു മറുപടി. അതേസമയം, എന്‍.ആര്‍.സിക്ക് മുന്നോടിയായി നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ നടപ്പാക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു ഗോവ മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിനോടകം പത്തോളം സംസ്ഥാനങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളവും പശ്ചിമ ബംഗാളുമായിരുന്നു കേന്ദ്ര നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളത്. ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യു ഭരിക്കുന്ന ബിഹാറും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍