പി.ചിദംബരത്തിന് ജാമ്യം

 ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന് ജാമ്യം. ഇന്ന് കേസ് പരിഗണിക്കവെ സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപ ജാമ്യവും അതേ തുകയുടെ ആള്‍ജാമ്യവും നല്‍കാന്‍ ചിദംബരത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ആര്‍. ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.കോടതിയുടെ അനുമതിയില്ലാതെ ചിദംബരത്തിന് വിദേശത്തേക്ക് പോകാന്‍ കഴിയില്ലെന്നും സുപ്രീം കോടതി അറിയിച്ചു. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കരുത്. സാക്ഷികളെ സ്വാധീനിക്കരുത്. ഈ കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുമായി അഭിമുഖങ്ങള്‍ നടത്തുകയോ പരസ്യ പ്രസ്താവനകള്‍ നടത്തുകയോ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. 105 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങാന്‍ പോകുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ചിദംബരത്തിന്റെ വാദം. എന്നാല്‍, സാമ്ബത്തിക കുറ്റകൃത്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ചിദംബരം മന്ത്രിയായിരിക്കെ 2007ലാണ് ഐ.എന്‍.എക്‌സ് മീഡിയക്ക് വിദേശത്തുനിന്ന് മുതല്‍ മുടക്ക് കൊണ്ടുവരാന്‍ വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതില്‍ അഴിമതി നടന്നെന്നാണ് കേസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍