കണ്ണൂരില്‍ സെപ്റ്റംബറോടെ വീടുകളില്‍ പൈപ്പ് വഴി പാചകവാതക വിതരണം

കണ്ണൂര്‍: വീടുകളിലേക്കു നേരിട്ടു പാചക വാതകം എത്തിക്കുന്ന പദ്ധതി അടുത്ത സെപ്റ്റംബറോടെ കണ്ണൂരില്‍ യാഥാര്‍ഥ്യമാവുമെന്നു മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി മേജര്‍ ദിനേശ് ഭാസ്‌കര്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനത്തിലെ യാത്രികരായവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റണ്‍വേ ടു ഫ്യൂച്ചര്‍ എന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗെയില്‍ പൈപ്പ് ലൈന്‍ ജില്ലയില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും അദാനിയും ചേര്‍ന്നാണു വീടുകളിലേക്കു പാചക വാതകം എത്തിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കൂടാളിയില്‍ സിറ്റി ഗ്യാസ് സ്റ്റേഷന്‍ സ്ഥാപിക്കും. ജനുവരിയില്‍ ഇതിനു തറക്കല്ലിടുമെന്നും ആറുമാസംകൊണ്ടു പൂര്‍ത്തിയാക്കുമെന്നും ദിനേശ് ഭാസ്‌കര്‍ പറഞ്ഞു. നഗരവികസനവുമായും റോഡ്, റെയില്‍ വികസനവുമായും ബന്ധപ്പെട്ടു ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. ടൂറിസം രംഗത്തു ജില്ലയില്‍ നടപ്പാക്കുന്ന പ്രധാന പദ്ധതികളുടെ വിശദാംശങ്ങള്‍ ടൂറിസം സെക്രട്ടറി പി.ബാലകിരണ്‍ അവതരിപ്പിച്ചു. വ്യവസായ വികസന പദ്ധതികള്‍ സംബന്ധിച്ചു കിന്‍ഫ്ര എംഡി സന്തോഷ് കോശിയും കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഭാവി പദ്ധതികള്‍ സംബന്ധിച്ചും വിമാന സര്‍വീസുകള്‍ സംബന്ധിച്ചും കിയാല്‍ എംഡി വി.തുളസീദാസും വിശദീകരിച്ചു. കണ്ണൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് എ.കെ.ഹാരിസ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.കെ.ശൈലജ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കെ.സുധാകരന്‍ എംപി, മേയര്‍ സുമ ബാലകൃഷ്ണന്‍, കളക്ടര്‍ ടി.വി.സുഭാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കിയാല്‍ ഡയറക്ടര്‍ എം.പി.ഹസന്‍കുഞ്ഞി, കേരള ചേംബര്‍ പ്രസിഡന്റ് സി.ജയചന്ദ്രന്‍, ദിശ ജനറല്‍ സെക്രട്ടറി ടി.വി.മധുകുമാര്‍, വെയ്ക്ക് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ പനക്കാട്ട്, ആസ്റ്റര്‍ മിംസ് സിഇഒ ഫര്‍ഹാന്‍ യാസിം എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. ആദ്യ യാത്രക്കാരുടെ നേതൃത്വത്തില്‍ നാളെ ദുബായ് ക്രൗണ്‍ പ്ലാസ ഹോട്ടലിലും വികസന സെമിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. കണ്ണൂര്‍ പ്രസ് ക്ലബിന്റെയും ദിശ, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, വെയ്ക്ക്, വോക്ക്, പോസിറ്റീവ് കമ്മ്യൂണ്‍ തുടങ്ങിയ സംഘടനകളുടെയും പങ്കാളിത്തത്തോടെയാണു പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍