നിര്‍മല സീതാരാമനെ പരിഹസിച്ച് ചിദംബരം

 ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. താന്‍ സവോളയും വെളുത്തുള്ളിയും കഴിക്കാറില്ലെന്നും അങ്ങനെയൊരു കുടുംബത്തില്‍ നിന്നുമാണ് താന്‍ വരുന്നതെന്നുമുള്ള ലോക്‌സഭയില്‍ വച്ച് നിര്‍മല നടത്തിയ പരാമര്‍ശത്തിന് 'അവരെന്താ അവോക്കാഡോയാണോ കഴിക്കുന്നത്' എന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം. കമ്പോളത്തില്‍ കിലോയ്ക്ക് 350 മുതല്‍ 400 രൂപ വരെ വിലയുള്ള പഴമാണ് അവോക്കാഡോ. ജനങ്ങള്‍ വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുമ്പോള്‍ ധനമന്ത്രി ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് സൂചിപ്പിക്കുകയായിരുന്നു ചിദംബരം. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമാണ് ചിദംബരം ഈ പരാമര്‍ശം നടത്തിയത്. നിര്‍മലയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് പാര്‍ട്ടിയും രംഗത്ത് വന്നിട്ടുണ്ട്. ഭക്ഷണം കിട്ടാതെ വിശന്നുവലഞ്ഞ ഫ്രഞ്ച് ജനതയോട് 'കേക്ക് കഴിച്ചുകൂടെ' എന്ന് ചോദിച്ച രാഞ്ജി മേരി ആന്റുവാനറ്റിനോടാണ് നിര്‍മല സീതാരാമനെ കോണ്‍ഗ്രസ് ഉപമിക്കുന്നത്. രാജ്യത്ത് ഉള്ളിവില രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്‌സഭയില്‍ അതേക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് നിര്‍മല സീതാരാമന്‍ ഈ പരാമര്‍ശം നടത്തുന്നത്. സംസാരത്തിനിടെ പ്രതിപക്ഷ എം.പിമാര്‍ കേന്ദ്രമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തികൊണ്ട് 'നിങ്ങള്‍ ഈജിപ്ഷ്യന്‍ ഉള്ളിയാണോ കഴിക്കുന്നത്' എന്ന് ചോദിച്ചപ്പോഴാണ് താന്‍ ഉള്ളിയും വെളുത്തുള്ളിയും കഴിക്കാറില്ലെന്നും തന്റെ വീട്ടില്‍ അങ്ങനെയൊരു ഏര്‍പ്പാടില്ലെന്നും നിര്‍മല സീതാരാമന്‍ പറയുന്നത്. നിലവില്‍ കിലോയ്ക് 180 രൂപയാണ് ഉള്ളിയുടെ വില.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍