കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: ബി.ജെ.പി മുന്നില്‍

 ബംഗളൂരു: എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടണ്ണെല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. 15 മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് അനുകൂലമാണ്. ബി.ജെ.പി 12 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് കോട്ടകളില്‍ പോലും വിമതരായി ബി.ജെ.പിയിലെത്തിയവര്‍ മികച്ച ലീഡ് സ്വന്തമാക്കി മുന്നേറുന്നു. ഹൊസൂര്‍, ശിവാജി നഗര്‍ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നത്. ഒരു മണ്ഡലത്തില്‍ ബി.ജെ.പി വിമതനാണ് ലീഡ് ചെയ്യുന്നത്. നാലുമാസം പ്രായമുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നതിനാല്‍ ആശങ്കയോടെയാണ് കാത്തിരിക്കുന്നത്. 225 അംഗ നിയമസഭയില്‍ 113 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 17 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് 208 അംഗങ്ങളിലെ 105 പേരുടെ പിന്തുണയോടെയാണ് ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായത്. അയോഗ്യരാക്കിയവരില്‍ രണ്ട് എം.എല്‍.എമാരുടെ കേസില്‍ തീര്‍പ്പായിട്ടില്ല. അതിനാല്‍ 223 അംഗ നിയമസഭയില്‍ 112 പേരുടെ പിന്തുണ ആവശ്യമാണ്. ഫലത്തില്‍ ആറ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചില്ലെങ്കില്‍ സര്‍ക്കാരിന് നിലനില്‍ക്കാനാവില്ല. നിലവില്‍ കോണ്‍ഗ്രസിന് 66 സീറ്റും ജെ.ഡി.എസിന് 34സീറ്റുമാണ് ഉള്ളത്. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മണ്ഡലങ്ങളില്‍ കനത്ത പൊലീസ് സുരക്ഷയൊരുക്കി. എക്‌സിറ്റ് പോളുകള്‍ പ്രകാരം ബി.ജെ.പി 12 സീറ്റു നേടുമെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ യെദിയൂരപ്പയ്ക്ക് വെല്ലുവിളിയില്ലാതെ ഭരണത്തില്‍ തുടരാം. കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബി.ജെ.പിക്ക് ആറ് സീറ്റു ലഭിച്ചില്ലെങ്കില്‍ ജെ.ഡി.എസിന്റെ നിലപാട് നിര്‍ണായകമാകും. ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എച്ച്.ഡി. കുമാരസ്വാമി ആദ്യം വ്യക്തമാക്കിയെങ്കിലും പിന്നീട് നിലപാട് മാറ്റിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍