മുല്ലപ്പെരിയാര്‍ വിഷയം : നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് പി.ജെ. ജോസഫ്

 കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുമെന്നു പി.ജെ. ജോസഫ് എംഎല്‍എ. സേവ് കേരള ബ്രിഗേഡിന്റെ ആഭിമുഖ്യത്തില്‍ വ്യവസായ പ്രമുഖര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, കലാസഹിത്യ സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി നടത്തിയ യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള ഡാം ഡി കമ്മീഷന്‍ ചെയ്തു പുതിയ ഡാം നിര്‍മിക്കുന്നതിനു കേരളത്തെക്കാള്‍ തമിഴ്‌നാടിനു ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുല്ലപ്പെരിയാര്‍ ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ തമിഴ്‌നാടിന്റെ അഞ്ചു ജില്ലകള്‍ വറ്റിവരണ്ട് നശിച്ചു പോകും. പുതിയ ഡാം നിര്‍മിക്കുന്നതിനു കേരളത്തോടൊപ്പം തമിഴ്‌നാടും കേന്ദ്രത്തോടു ശക്തമായി സമ്മര്‍ദം ചെലുത്താന്‍ തയാറാകണം. അതിലൂടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സേവ്‌കേരള ബ്രിഗേഡ് പ്രസിഡന്റ് റസല്‍ ജോയി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അമൃതാപ്രീതം പ്രമേയം അവതരിപ്പിച്ചു.മുന്‍ എംപി കെ. ഫ്രാന്‍സീസ് ജോര്‍ജ്, ആം ആദ്മി സൗത്ത് ഇന്ത്യന്‍ പ്രസിഡന്റ് റെജി കെ. പൊന്നപ്പന്‍, മുല്ലപ്പെരിയാര്‍ ഉപസമിതിയുടെ അംഗമായിരുന്ന എന്‍ജിനീയര്‍ ജോര്‍ജ് ഡാനിയേല്‍, മുല്ലപ്പെരിയാര്‍ സമരസമിതി പ്രസിഡന്റ് ഫാ. റോബിന്‍ തേണ്ടാനത്ത്, എ.കെ. പുതുശേരി, കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ദിലീപ്, കുരുവിള മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു. വി.എം. ഫൈസല്‍ സ്വാഗതവും അനില്‍ തൃപ്പൂണിത്തുറ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍