എസ്എസ്എല്‍സി ബുക്കിലെ മതം തിരുത്താനുള്ള അപേക്ഷ പരിഗണിക്കണമെന്നു കോടതി

കൊച്ചി: മതവും പിതാവിന്റെ പേരും എസ്എസ്എല്‍സി ബുക്കില്‍ തിരുത്താന്‍ യുവതി നല്‍കിയ അപേക്ഷ പ്രത്യേക കേസായി പരിഗണിച്ച് അനുവദിക്കണമെന്നു ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. മലപ്പുറം മഞ്ചേരി സ്വദേശിനി ജെസി നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് നേരത്തെ അനുവദിച്ചിരുന്നു. ഇതിനെതിരേ പരീക്ഷാ കമ്മീഷണറും ജോയിന്റ് പരീക്ഷാ കമ്മീഷണറും നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണു ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.
ഹര്‍ജിക്കാരിയുടെ മൗലികാവകാശത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ വ്യവസ്ഥയില്ലെങ്കിലും ഉദാരമായ നിലപാടു സ്വീകരിക്കണമെന്നും ഈ വിധി കീഴ്‌വഴക്കമായി പരിഗണിക്കരുതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ജെസിയുടെ പിതാവ് ജോണി ഇസ്‌ലാം മതം സ്വീകരിച്ചു ഹമീദ് എന്നു പേര് മാറ്റിയതിനെത്തുടര്‍ന്നു ജെസിയുടെ സ്‌കൂള്‍ രേഖകളിലും തിരുത്തല്‍ വരുത്തി. പിന്നീട് ഇയാള്‍ കുടുംബം ഉപേക്ഷിച്ചു പോയി. താന്‍ ക്രിസ്തുമത വിശ്വാസിയായാണു വളര്‍ന്നതെന്നു ചൂണ്ടിക്കാട്ടി എസ്എസ്എല്‍സി ബുക്കിലെ തന്റെ പേര്, പിതാവിന്റെയും മാതാവിന്റെയും പേര്, മതം എന്നിവ തിരുത്താന്‍ ജെസി അപേക്ഷ നല്‍കി. സര്‍ക്കാര്‍ ജെസിയുടെയും മാതാവിന്റെ പേരു തിരുത്താന്‍ അനുവദിച്ചെങ്കിലും മതവും പിതാവിന്റെ പേരും തിരുത്താന്‍ എസ്എസ്എല്‍സി ബുക്കിനൊപ്പം ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കൂടി ഹാജരാക്കണമെന്നു വ്യക്തമാക്കി ഈ ആവശ്യങ്ങള്‍ തളളി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍