പൊതുമേഖലാ ഓഹരി വില്പന: ഈ വര്‍ഷം ലക്ഷ്യം കണ്ടേക്കില്ല

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം (2019-20) പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് 1.05 ലക്ഷം കോടി രൂപ നേടുകയെന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം പൂവണിഞ്ഞേക്കില്ല. നടപ്പുവര്‍ഷം ഇതുവരെ 17,364.26 കോടി രൂപ മാത്രമാണ് പൊതുമേഖലാ ഓഹരി വില്പനയിലൂടെ സര്‍ക്കാരിന് ലഭിച്ചത്.
എയര്‍ ഇന്ത്യ, ബി.പി.സി.എല്‍., കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (കോണ്‍കോര്‍) എന്നിവയാണ് ഈ വര്‍ഷം സര്‍ക്കാരിന്റെ വില്പന പട്ടികയിലുള്ള വമ്പന്‍ കമ്പനികള്‍. എന്നാല്‍, സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു ത്രൈമാസം (ജനുവരിമാര്‍ച്ച്) മാത്രം ശേഷിക്കേ, ഇവയുടെ വില്പന നടപടികള്‍ പൂര്‍ണമാകുമെന്ന പ്രതീക്ഷ ധനമന്ത്രാലയത്തിനുമില്ല. ഇവയുടെ വില്പന കൂടി ഉള്‍പ്പെടുത്തി, അടുത്ത സാമ്പത്തിക വര്‍ഷത്തെ (202021) പൊതുമേഖലാ ഓഹരി വില്പന വരുമാന ലക്ഷ്യം 1.50 ലക്ഷം കോടി രൂപയായി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
എയര്‍ ഇന്ത്യ, ബി.പി.സി.എല്‍., കോണ്‍കോര്‍ എന്നിവയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള പ്രത്യക്ഷ നടപടികളിലേക്ക് കേന്ദ്രം ഇനിയും കടന്നിട്ടില്ല. നടപ്പുവര്‍ഷം താത്പര്യപത്രം ക്ഷണിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളെടുത്താലും, വില്പന പൂര്‍ണമാകാന്‍ അടുത്തവര്‍ഷം ആദ്യപകുതിയെങ്കിലും വേണ്ടിവരും. അതുകൊണ്ട്, നടപ്പുവര്‍ഷത്തെ ലക്ഷ്യത്തില്‍ 50,000 കോടി രൂപയുടെ വരെ കുറവും സര്‍ക്കാര്‍ വിലയിരുത്തുന്നു. ഭെല്‍, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ തുടങ്ങിയവയാണ് നടപ്പുവര്‍ഷത്തെ വില്പന പട്ടികയിലുള്ള കമ്പനികള്‍.
എയര്‍ ഇന്ത്യ, ബി.പി.സി.എല്‍., കോണ്‍കോര്‍ എന്നീ വന്‍ വില്പനകളാണ് ഈവര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വില്പന നടപടി ഇനിയും തുടങ്ങിയിട്ടില്ല. വില്പന നീക്കം ഉടന്‍ തുടങ്ങിയാലും സെബിയുടെ ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ പാലിച്ച് അത് പൂര്‍ണമാകാന്‍ സമയമെടുക്കും. നടപ്പുവര്‍ഷം ഇനി ശേഷിക്കുന്നത് മൂന്നുമാസം (ജനുവരിമാര്‍ച്ച്) മാത്രമെന്നിരിക്കേ, ലക്ഷ്യം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞേക്കില്ല.
നടപ്പുവര്‍ഷം ധനക്കമ്മി ജി.ഡി.പിയുടെ 3.3 ശതമാനമായി നിയന്ത്രിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. പൊതുമേഖലാ ഓഹരികള്‍ വിറ്റഴിച്ച് ലക്ഷ്യമിടുന്ന വരുമാനം നേടാനായില്ലെങ്കില്‍ ധനക്കമ്മി 'നിയന്ത്രണരേഖ' കടന്ന് കുതിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍