വിദ്യാഭ്യാസ പാരമ്പര്യം നശിപ്പിക്കുന്ന നടപടി ഉണ്ടാകരുത്: മുന്നറിയിപ്പുമായി ഗവര്‍ണര്‍

 തിരുവനന്തപുരം: കേരളത്തി്‌ന്റെ വിദ്യാഭ്യാസ പാരമ്പര്യം നശിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്റെ പാരമ്പര്യത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. സിന്‍ഡിക്കറ്റ് അംഗം ഉത്തരക്കടലാസ് കൈക്കലാക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലയുടേത് അധികാരപരിധിക്ക് പുറത്തുള്ള നടപടിയായിരുന്നു. സിന്‍ഡിക്കേറ്റാണ് മാര്‍ക്ക് ദാന തീരുമാനം കൈക്കൊണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ മാസം 16 ന് വിസിമാരുടെ യോഗം വിളിക്കും. പ്രശ്‌നങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തെ വിവാദവിഷയങ്ങളില്‍ തെറ്റുപറ്റിയതായി ചൂണ്ടിക്കാട്ടി എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു. സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ക്കു നല്‍കിയ മറുപടിയിലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കാമെന്നു വൈസ് ചാന്‍സലര്‍ അറിയിച്ചത്. സിന്‍ഡിക്കറ്റ് അംഗത്തോടു സംസാരിച്ചെന്നും പരീക്ഷാ ഫലത്തെയും രഹസ്യ സ്വഭാവത്തെയും സംഭവം ബാധിച്ചിട്ടില്ലെന്നും വിസി റിപ്പോര്‍ട്ടില്‍ പറഞ്ഞു.എംജി സര്‍വകലാശാലയിലെ എംകോം പരീക്ഷയുടെ ഉത്തരക്കടലാസുകളും രഹസ്യ നമ്പറും സിന്‍ഡിക്കറ്റിലെ പരീക്ഷാ വിഭാഗം കണ്‍വീനറായ ഡോ.ആര്‍. പ്രഗാഷ് കൈക്കലാക്കിയ സംഭവമാണു വിവാദമായത്. സര്‍വകലാശാല പരീക്ഷാ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ടാണു സിന്‍ഡിക്കറ്റ് അംഗത്തിനു ചില ഉത്തരക്കടലാസുകളും രഹസ്യ നമ്പറും നല്‍കിയതെന്നാണു റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍