സംസ്ഥാനത്തെവിടെനിന്നും ഭൂമി കൈമാറ്റം: രജിസ്‌ട്രേഷന്‍ ആക്ട് ഭേദഗതി ചെയ്യുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെവിടെനിന്നും ഭൂമി കൈമാറ്റം നടത്താനായി കേരള രജിസ്‌ട്രേഷന്‍ ആക്ടില്‍ ഭേദഗതി വരുത്താനുള്ള നടപടി തുടങ്ങി. ഏതു സബ് രജിസ്ട്രാര്‍ ഓഫീസിലിരുന്നും സംസ്ഥാനത്തെവിടെയുമുള്ള ഭൂമിയുടെ ആധാരങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായാണു നടപടി. ഇതിനായി കേരള രജിസ്‌ട്രേഷന്‍ ആക്ട് ആന്‍ഡ് റൂള്‍സിലെ ചട്ടം 30ല്‍ ഭേദഗതി വരുത്തും. ഇതോടൊപ്പം വകുപ്പിലെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന പേള്‍ (പാക്കേജ് ഓഫ് എഫക്ടീവ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് രജിസ്‌ട്രേഷന്‍ ലോ) സോഫ്റ്റ്‌വെയറിലെ മൊഡ്യൂള്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടികളും തുടങ്ങി. നിലവില്‍ അതത് ജില്ലയിലെവിടെയുമുള്ള ഭൂമിയുടെ കൈമാറ്റം മാത്രമാണു സാധ്യമാകുന്നത്.നിലവില്‍ ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനാക്കിയെങ്കിലും ഇത് അതതു പരിധിയിലുള്ള സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കും ജില്ലാ രജിസ്ട്രാര്‍ക്കും സംസ്ഥാന തലത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് അധികൃതര്‍ക്കും മാത്രമാണു ലഭ്യമാകുന്നത്. ഒരു സബ് രജിസ്ട്രാര്‍ക്ക്, മറ്റൊരു സബ് രജിസ്ട്രാറുടെ അധികാര പരിധിയിലുള്ള ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനില്‍ ലഭ്യമല്ല. ഇതു ലഭ്യമാക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് പേള്‍ മൊഡ്യൂളില്‍ മാറ്റം വരുത്തുന്നത്. ഇതിനായി നിലവിലെ ചട്ടത്തില്‍ ഭേദഗതി വരുത്തുകയും ഇതിനു നിയമസഭയുടെ അംഗീകാരം നേടുകയും വേണം.സംസ്ഥാന വ്യാപകമായി ഭൂമിയുടെ രേഖകള്‍ ഉപയോഗിക്കാന്‍ കഴിയുമ്പോള്‍, രേഖകളില്‍ കൃത്രിമം നടത്താനുള്ള സാധ്യതകളും ഏറെയാണ്. സബ് രജിസ്ട്രാര്‍മാര്‍ക്ക് പ്രത്യേക കോഡ് ഉപയോഗിച്ചു സംസ്ഥാനത്തെവിടെയുമുള്ള ഭൂമിയുടെ രേഖകളില്‍ മാറ്റം വരുത്താന്‍ കഴിയുമ്പോള്‍, തട്ടിപ്പു നടക്കാനുള്ള സാധ്യത ഏറെയാണെന്നു രജിസ്‌ട്രേഷന്‍ വകുപ്പ് കണക്കുകൂട്ടുന്നു. തട്ടിപ്പു സാധ്യത പൂര്‍ണമായി തടഞ്ഞു കൊണ്ടുള്ള മൊഡ്യൂള്‍ പരിഷ്‌കരണമാണു ലക്ഷ്യമിടുന്നത്. ഇതിനായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനെയാണ് (എന്‍ഐസി) ചുമതലപ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ള ഓണ്‍ലൈന്‍ സംവിധാനത്തില്‍ പോലും ഭൂമിയുടെ രേഖകളില്‍ മാറ്റം വരുത്താനുള്ള എഡിറ്റ് സംവിധാനം അതതു സബ് രജിസ്ട്രാര്‍മാര്‍ക്കും ജില്ലാ തലത്തിലെ അമാല്‍ഗമേറ്റഡ് സബ് രജിസ്ട്രാര്‍ക്കുമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ആധാരങ്ങള്‍ നിശ്ചിത ഫീസൊടുക്കി എടുക്കുന്നതിനായി പൈലറ്റ് പ്രോജക്ടായി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളിലുള്ളവര്‍ക്കും ആധാരത്തില്‍ മാറ്റം വരുത്താനാകില്ല. രജിസ്‌ട്രേഷന്‍ വകുപ്പിലെ സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസ് ഇ പേയ്‌മെന്റായി ഒടുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ട്. ഭൂമിയുടെ കൈമാറ്റത്തിനുള്ള ആധാര രജിസ്‌ട്രേഷനുള്ള ടൈം സ്‌ളോട്ട് എടുക്കുന്നതിനായി ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം സംസ്ഥാനത്ത് എവിടെനിന്നും എടുക്കാനാകുമെങ്കിലും രജിസ്‌ട്രേഷന്‍ നടപടികള്‍ സാധ്യമായിരുന്നില്ല. ഇ ടോക്കണ്‍ ഉപയോഗിച്ച് ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫീസിലോ അതതു ജില്ലയിലെ അമാല്‍ഗമേറ്റഡ് രജിസ്ട്രാര്‍ ഓഫീസിലോ ആണു പോകേണ്ടിവരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍