രാഹുല്‍ ബജാജിന്റെ വാക്കുകള്‍ ദേശതാത്പര്യത്തിന് എതിര്; വിമര്‍ശിച്ച് നിര്‍മല

മുംബൈ: രാജ്യത്തു ഭീതിയുടെ അന്തരീക്ഷം നിലനില്‍ക്കുകയാണെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവന ദേശതാത്പര്യത്തിന് എതിരാണെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍. രാഹുല്‍ ബജാജിന്റെ പരാമര്‍ശങ്ങള്‍ വന്‍തോതില്‍ ജനശ്രദ്ധ നേടിയതിനു പിന്നാലെയാണു പ്രതിരോധവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്. രാഹുല്‍ ബജാജ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കിയിട്ടുണ്ട്. ചോദ്യങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടതും മറുപടി നല്‍കപ്പെടേണ്ടവയുമാണ്. സ്വന്തം തോന്നലുകള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ നല്ലത് ഉത്തരം തേടുന്നതുതന്നെയാണ്. അത് ഏറ്റുപിടിക്കുന്നത് ദേശീയ താത്പര്യത്തെ ദോഷകരമായി ബാധിക്കും നിര്‍മല ട്വിറ്ററില്‍ കുറിച്ചു. അമിത് ഷായെ വേദിയിലിരുത്തിയാണ് വ്യവസായ പ്രമുഖന്‍ രാഹുല്‍ ബജാജ് രാജ്യത്തു ഭീതിയുടെ അന്തരീക്ഷം നിലനില്‍ക്കുകയാണെന്നു തുറന്നടിച്ചത്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വ്യവസായികള്‍ ഭയപ്പെടുന്നു. നേരത്തേ അങ്ങനെയായിരുന്നില്ല: കേന്ദ്ര ആഭ്യന്തര മന്ത്രിയോടു ബജാജ് ഗ്രൂപ്പ് തലവന്‍ ചൂണ്ടിക്കാട്ടി.ഇക്കണോമിക് ടൈംസ് അവാര്‍ഡ് ദാന ചടങ്ങിനിടെയാണു സംഭവം. ധനമന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, കുമാരമംഗളം ബിര്‍ള, സുനില്‍ ഭാരതി മിത്തല്‍ തുടങ്ങിയവരുള്ള സദസിലായിരുന്നു എണ്‍പതു കഴിഞ്ഞ രാഹുല്‍ ബജാജിന്റെ രൂക്ഷവിമര്‍ശനം. രാജ്യത്തു ഭയത്തിന്റെ അന്തരീക്ഷമാണെന്നു വ്യവസായികള്‍ പലരും തന്നോടു പരാതിപ്പെടുന്നുണ്ടെന്നു കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും പറഞ്ഞിരുന്നു. ബജാജിന്റെ വിമര്‍ശനം അംഗീകരിച്ചില്ലെങ്കിലും അമിത് ഷാ അതു പാടേ തള്ളിക്കളഞ്ഞില്ല. അങ്ങനെയൊരന്തരീക്ഷം ഉണ്ടെന്നു വരുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അതു മാറ്റിയെടുക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും ഷാ പറഞ്ഞു. അമിത് ഷായോടു ചോദ്യങ്ങള്‍ ചോദിക്കാന്‍ സദസ്യര്‍ക്ക് അവസരം നല്‍കിയപ്പോഴാണു രാഹുല്‍ ബജാജ് എഴുന്നേറ്റുനിന്ന് അപ്രതീക്ഷിത വിമര്‍ശനം നടത്തിയത്. ചില പരാമര്‍ശങ്ങള്‍ക്കു സദസ്യര്‍ കൈയടിക്കുകയും ചെയ്തു.മുന്‍ ധനമന്ത്രി പി. ചിദംബരത്തെ കുറ്റപത്രം പോലും കൊടുക്കാതെ നൂറു ദിവസത്തിലേറെയായി തടവിലിട്ടിരിക്കുന്നതും പ്രജ്ഞാസിംഗ് ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ ദേശസ്‌നേഹിയെന്നു വിളിച്ചതും ആള്‍ക്കൂട്ടക്കൊലകളും ഒക്കെ ബജാജ് ഉന്നയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍