മയാമി: ഫ്‌ളോറിഡയിലെ പെന്‍സകോള നാവികത്താവളത്തില്‍ വെടിവയ്പ് നടത്തിയത് സൗദി അറേബ്യന്‍ വിദ്യാര്‍ഥി. മുഹമ്മദ് സയിദ് അല്‍ഷംരാനി എന്നയാളാണ് വെടിവയ്പ് നടത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. സൗദി സൈനികാംഗമായ ഇയാള്‍ പെന്‍സകോള നാവികത്താവളത്തില്‍ പരിശീലനത്തിനായാണ് എത്തിയത്. വെടിവയ്പിന്റെ കാരണം വ്യക്തമല്ല. നാവികത്താവളത്തില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ വെടിവയ്പില്‍ മൂന്നു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയെ സുരക്ഷാസൈനികര്‍ വെടിവച്ചുകൊന്നു. ഹാന്‍ഡ് ഗണ്‍ ഉപയോഗിച്ചാണ് അക്രമി നിറയൊഴിച്ചത്. ഹാവായിയിലെ ചരിത്രപ്രസിദ്ധമായ പേള്‍ ഹാര്‍ബറിലെ ഷിപ്പ്യാര്‍ഡില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വെടിവയ്പു നടന്നു രണ്ടു ദിവസത്തിനകമാണ് പെന്‍സകോള നേവല്‍ബേസിലും ആക്രമണം നടന്നത്. പേള്‍ ഹാര്‍ബറില്‍ ബുധനാഴ്ച രണ്ടു സിവിലിയന്‍ ജീവനക്കാരെ വെടിവച്ചുകൊന്ന നാവികന്‍ ഗബ്രിയേല്‍ റോമറോ സ്വയം വെടിവച്ചു ജീവനൊടുക്കുകയായിരുന്നു.പെന്‍സകോള നാവികത്താവളത്തിലെ വെടിവയ്പില്‍ പരിക്കേറ്റ എട്ടുപേരെ ബാപ്റ്റിസ്റ്റ് ഹെല്‍ത്ത് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ പേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. വെടിവയ്പിന്റെ വിവരങ്ങള്‍ പ്രസിഡന്റ് ട്രംപിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും വൈറ്റ്ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ജുഡ് ഡീര്‍ പറഞ്ഞു.ഫ്‌ളോറിഡയിലെ പെന്‍സ കോള നാവികത്താവളത്തില്‍ പതിനാറായിരം സൈനികരാണുള്ളത്. ഏഴായിരത്തോളം സിവിലിയന്മാരും ഇവിടെ ജോലി ചെയ്യുന്നു. നാവികസേനയിലെ പൈലറ്റുമാര്‍ക്കു പരിശീലനം നല്‍കുന്ന താവളംകൂടിയാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍