നാസയേക്കാള്‍ മുന്നേ വിക്രംലാന്‍ഡര്‍ കണ്ടെത്തിയിരുന്നെന്ന് ഇസ്രോ

 ന്യൂഡല്‍ഹി: ചന്ദ്രയാന്‍2 ന്റെ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയെന്ന അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ (നാസ) അവകാശവാദം തള്ളി ഐഎസ്ആര്‍ഒ (ഇസ്രോ). വിക്രം ലാന്‍ഡറിന്റെ അവശിഷ്ടം കണ്ടെത്തിയെന്ന നാസയുടെ അവകാശവാദം തള്ളിയ ഇസ്രോ ഇത് ഇന്ത്യ നേരത്തെ തന്നെ കണ്ടെത്തിയിരുന്നതാണെന്നും അറിയിച്ചു. നമ്മുടെ തന്നെ ഓര്‍ബിറ്റര്‍ (ചന്ദ്രയാന്‍ രണ്ടിലെ ഓര്‍ബിറ്റര്‍) വിക്രം ലാന്‍ഡറെ കണ്ടെത്തിയിരുന്നു. ഇത് ഇസ്രോയുടെ വെബ്‌സൈറ്റിലൂടെ നേരത്തെ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നതാണ്. പിറകോട്ടുപോയി നോക്കിയാല്‍ നിങ്ങള്‍ക്കത് കാണാന്‍ കഴിയുമെന്നും ഇസ്രോ ചെയര്‍മാന്‍ കെ.ശിവന്‍ പറഞ്ഞു. വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ (സെപ്റ്റംബര്‍ 10) വിക്രം ലാന്‍ഡര്‍ എവിടെയെന്ന് കണ്ടെത്തിയിരുന്നു. സെപ്റ്റംബര്‍ 10 ന് ഇക്കാര്യം ട്വീറ്റ് ചെയ്തതാണെന്നും ഇസ്രോ മേധാവി പറഞ്ഞു. എന്നാല്‍ വിക്രം ലാന്‍ഡറുമായി ആശയവിനമയം ഇതുവരെ നടത്താനായിട്ടില്ല. ലാന്‍ഡറുമായി ആശയവിനമയം പുനസ്ഥാപിക്കാനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതിനു ശ്രമിച്ച വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സെപ്റ്റംബര്‍ ഏഴിനു ഹാര്‍ഡ് ലാന്‍ഡിംഗ് ന ടത്തുകയായിരുന്നു. ഇതോടെ പേടകവുമായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ)യ്ക്കുള്ള ബന്ധം നഷ്ടമായി.വിക്രം ലാന്‍ഡര്‍ ചെന്നൈ സ്വദേശിയായ മെക്കാനിക്കല്‍ എന്‍ജിനിയറുടെ സഹായത്തോടെ കണ്ടെത്തിയെന്നാണ് നാസ അവകാശപ്പെട്ടത്. വിക്രം ലാന്‍ഡര്‍ പതിച്ച പ്രദേശത്തിനു മുകളിലൂടെ കടന്നുപോയ എല്‍ആര്‍ഒ പേടകത്തിലെ കാമറ എടുത്ത ചിത്രങ്ങള്‍ സെപ്റ്റംബര്‍ 17നും സെപ്റ്റംബര്‍ 26നും നാസ പുറത്തുവിട്ടിരുന്നു. ലാന്‍ഡര്‍ പതിക്കുന്നിനു മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ താരതമ്യം ചെയ്ത് യഥാര്‍ഥ സ്ഥലം കണ്ടെത്താന്‍ ശാസ്ത്രപ്രേമി കളോട് ആവശ്യപ്പെടുകയും ചെയ്തു. ഈ ചിത്രങ്ങളില്‍നിന്നു ചെന്നൈ സ്വദേശിയായ മുപ്പത്തിമൂന്നുകാരനായ ഐടി വിദഗ്ധന്‍ ഷണ്‍മുഖന്‍ സുബ്രഹ്മണ്യനാണ് ലാന്‍ഡര്‍ പതിച്ച പ്രദേശം കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍