'അമ്മ' നടത്തുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നു ഷെയ്ന്‍ നിഗം

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച വിലക്കുനീക്കാന്‍ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' നടത്തുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നു നടന്‍ ഷെയ്ന്‍ നിഗം. വിവാദങ്ങളെത്തുടര്‍ന്നു ചിത്രീകരണം നിര്‍ത്തിവച്ച 'വെയില്‍' അടക്കമുള്ള മൂന്നു സിനിമകളും പൂര്‍ത്തിയാക്കും. ആ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. വ്യാജക്കരാറാണു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു മുമ്പില്‍ തനിക്കെതിരേ 'ഉല്ലാസം' സിനിമയുടെ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ചിരിക്കുന്നത്. അതു ചോദ്യം ചെയ്യപ്പെട്ടതിനെത്തുടര്‍ന്നു മാറ്റുകയായിരുന്നു. ഇക്കാര്യങ്ങള്‍ അസോസിയേഷനുതന്നെ അറിവുള്ളതാണ്. സഹിക്കാവുന്നതിലും അധികം ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. അക്കാര്യങ്ങള്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ സിദ്ദിഖിനും ഇടവേള ബാബുവിനും മനസിലായിട്ടുണ്ട്. അതിനാല്‍ ഇനി 'അമ്മ' നടത്താന്‍ പോകുന്ന അനുരഞ്ജന ചര്‍ച്ചകളിലാണ് എല്ലാ പ്രതീക്ഷയും. ചിത്രീകരണത്തില്‍ സഹകരിച്ചില്ലെന്ന'വെയില്‍' സിനിമാ പ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ തെറ്റാണെന്നും ഷെയ്ന്‍ പറഞ്ഞു. അതേസമയം, ഷെയ്ന്‍ വിഷയം പരിഹരിക്കാന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെച്ചൊല്ലി അമ്മയില്‍ തര്‍ക്കം മുറുകി. സംഘടനയില്‍ ചര്‍ച്ചചെയ്യാതെ നടത്തുന്ന ഒരു ഒത്തുതീര്‍പ്പിലും സഹകരിക്കില്ലെന്നാണ് നിര്‍വാഹക സമിതിയിലെ ഒരു വിഭാഗം അംഗങ്ങള്‍. ഏകപക്ഷീയ തീരുമാനങ്ങളുണ്ടായാല്‍ രാജിവയ്ക്കുമെന്നു നിര്‍വാഹക സമിതിയംഗം ഉണ്ണി ശിവപാല്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കാനായി ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച ഷെയ്‌നുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഉണ്ണിയുടെ പ്രതികരണം. അതേസമയം, പ്രശ്‌നം എത്രയും വേഗം ഒത്തുതീര്‍പ്പാക്കാന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഇടവേള ബാബു പറഞ്ഞു . വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടിവരും. സംവിധായകനും നിര്‍മാതാവും ഒന്നിച്ചിരുന്നുള്ള ചര്‍ച്ച ആവശ്യമില്ലെന്നാണ് അമ്മയുടെ നിലപാട്. വിവിധ സംഘടനകളുടെ നേതൃത്വമായിരിക്കും ചര്‍ച്ച നടത്തി തീരുമാനമെടുക്കുക. തീരുമാനം അംഗീകരിക്കാന്‍ ഷെയ്ന്‍ നിഗം പൂര്‍ണ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍