ജാതി വര്‍ഗ വേര്‍തിരിവില്ലാത്ത ഇന്ത്യ പടുത്തുയര്‍ത്തണം: ഉപരാഷ്ട്രപതി

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ അഭിലാഷമായിരുന്ന ജാതി വര്‍ഗ രഹിത സമൂഹം പടുത്തുയര്‍ത്തുന്നതിന് കൂട്ടായ യത്‌നം നടത്താന്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു ആഹ്വാനം ചെയ്തു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന 87ാമത് മഹാതീര്‍ത്ഥാടനം ഇന്നലെ ശിവഗിരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവിന്റെ വാക്കുകള്‍ ഇന്ന് എന്നത്തേക്കാളും പ്രസക്തമാണ്. മിശ്രവിവാഹവും മിശ്രഭോജനവും ഗുരുദേവന്‍ പ്രോത്സാഹിപ്പിച്ചു. ഗാന്ധിജിയും ഗുരുദേവനും ജാതീയത അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അയിത്തോച്ചാടനത്തിനുള്ള ഗാന്ധിജിയുടെ പരിശ്രമങ്ങള്‍ക്ക് ഊര്‍ജം ലഭിച്ചത് ഗുരുദേവനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നാണ്. എല്ലാത്തരത്തിലുമുള്ള വിവേചനങ്ങളും അവസാനിപ്പിക്കണം. തൊട്ടുകൂടായ്മ കുറ്റകരമാണെന്ന് നമ്മുടെ ഭരണഘടനയിലുണ്ട്. എന്നാല്‍ ഇത് നടപ്പിലാവാന്‍ സമൂഹത്തിന്റെ മനോഭാവത്തിലാണ് മാറ്രം വരേണ്ടത്. ജാതി സമ്ബ്രദായം ഇല്ലാതാക്കാനുള്ള ശ്രമം ഹൃദയത്തിന്റെ ഉള്ളില്‍ നിന്നുണ്ടാവണം. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കാന്‍ എല്ലാമതത്തിലെയും നേതാക്കളും അചാര്യന്മാരും ചേരികളിലേക്കു പോകണം. പാവപ്പെട്ടവരെയും ജാതിയില്‍ താഴ്ന്നവരെയും ഉയര്‍ത്തിക്കൊണ്ടുവരണം. എല്ലാവരെയും സമന്മാരായി കാണണം. ശിവഗിരിയില്‍ വന്ന് പ്രാര്‍ത്ഥിച്ചതു കൊണ്ട് മാത്രമായില്ല, ഗുരുദേവന്റെ വചനങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാനും കഴിയണം. മലയാളികള്‍ മാതൃഭാഷയില്‍ അഭിമാനിക്കണം. മലയാളം അറിയുന്നവരോടെല്ലാം മലയാളത്തിലേ സംസാരിക്കാവൂ. മറ്റ് ഭാഷകള്‍ പഠിക്കുന്നത് നല്ലതാണ്. എന്നാല്‍ അവ കണ്ണട മാത്രമാണ്. കണ്ണ് മാതൃഭാഷയാണ്. വിദ്യ സമ്ബാദനവും അത് മറ്രുള്ളവക്ക് പകര്‍ന്നു നല്‍കലുമാണ് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യമെന്ന് ഗുരു പറഞ്ഞിട്ടുണ്ട്. ഗുരു മഹാനായ സന്യാസി മാത്രമല്ല, തത്വചിന്തകനും വിപ്ലവകാരിയായ മനുഷ്യത്വ വാദിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്നു. അദ്ദേഹം ഹിന്ദുസന്യാസിയായിരുന്നെങ്കിലും മറ്രെല്ലാ മതങ്ങളെയും ഒരുപോലെ പരിഗണിച്ചിരുന്നു. ബ്രാഹ്മണനും പറയനും മനുഷ്യസ്ത്രീക്ക് പിറന്നവരാണ്. ഒരേ ജാതിയാണ്. ഏഷ്യയിലെ ആദ്യത്തെ സര്‍വമത സമ്മേളനം 1924ല്‍ ആലുവയില്‍ വിളിച്ചു ചേര്‍ത്തത് ഗുരുവാണ്. മതപരമായ തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഹിംസ ഉപേക്ഷിക്കാനും ഗുരു ആഹ്വാനം ചെയ്തു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന വചനത്തിലൂടെ അദ്വൈതത്തിന്റെ യഥാര്‍ത്ഥ സന്ദേശം ജനങ്ങളിലെത്തിച്ചു. 1888ലെ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ശേഷം നിരവധി ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ ഗുരു നിര്‍വഹിച്ചു. പിന്നീട് വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനയിലൂടെ ശക്തരാവുക, വ്യവസായത്തിലൂടെ അഭിവൃദ്ധി നേടുക എന്ന തത്വം മുന്നോട്ടു വച്ചു. 'ഞാന്‍ ലോകത്ത് പലയിടത്തും പോയിട്ടുണ്ട്. എന്നാല്‍ ശ്രീനാരായണ ഗുരുവിനെക്കാള്‍ ആദ്ധ്യാത്മിക ചൈതന്യമുള്ള മറ്റൊരു ഗുരുവിനെയും കണ്ടിട്ടില്ല' എന്ന് 1922ല്‍ വര്‍ക്കലയില്‍ ഗുരുവിനെ സന്ദര്‍ശിച്ച രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞത് എത്രയോ ശരിയാണ് ഉപരാഷ്ട്രപതി പറഞ്ഞു. ശിവഗിരി മഠം പ്രസിദ്ധീകരിക്കുന്ന ഗുരുദേവ കൃതികളും സ്വാമി വിശുദ്ധാനന്ദ രചിച്ച ജീവിതം ധന്യമാകട്ടെ എന്ന പുസ്തകവും ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ അദ്ധ്യക്ഷനായിരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരന്‍ മുഖ്യാതിഥിയായി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഉമ്മന്‍ചാണ്ടി എന്നിവരും സംസാരിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും ഖജാന്‍ജി സ്വാമി ശാരദാനന്ദ നന്ദിയും പറഞ്ഞു. തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.ജി.ബാബുരാജ് എന്നിവരും സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍