മിഥില മോഹന്‍ വധക്കേസ്: റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐക്കു നിര്‍ദേശം

 കൊച്ചി: മിഥില മോഹന്‍ വധക്കേസില്‍ മൂന്നു മാസത്തിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി സിബിഐക്കു നിര്‍ദേശം നല്‍കി. സിബിഐ കേസന്വേഷണം ഏറ്റെടുത്തിട്ട് ഒരു വര്‍ഷവും ഏഴു മാസവും കഴിഞ്ഞെങ്കിലും പുരോഗതിയില്ലെന്ന് ആരോപിച്ച് കൊല്ലപ്പെട്ട മിഥിലാ മോഹന്റെ മകന്‍ എം. മനേഷ് നല്‍കിയ ഉപഹര്‍ജിയിലാണ് നിര്‍ദേശം.2006 ഏപ്രില്‍ അഞ്ചിന് രാത്രിയിലാണ് അബ്കാരി കരാറുകാരനായിരുന്ന മിഥില മോഹനെ അജ്ഞാത സംഘം വെടിവച്ചു കൊന്നത്. സ്പിരിറ്റ് കടത്തില്‍ പങ്കാളിയായിരുന്ന തൃശൂര്‍ സ്വദേശി കണ്ണന്‍ എന്ന സന്തോഷ് കുമാറാണ് കൊല നടത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നു കണ്ടെത്തി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റു പ്രതികളെ പിടികൂടാന്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനും കഴിഞ്ഞില്ല. മനേഷിന്റെ ഹര്‍ജിയില്‍ അന്വേഷണം 2018 ജനുവരി 11 നാണ് ഹൈക്കോടതി സിബിഐയ്ക്കു വിട്ടത്. കൊലപാതകം നടന്നിട്ട് 12 വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നു വ്യക്തമാക്കി സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് മകന്‍ ഉപഹര്‍ജി നല്‍കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍