പിന്‍സീറ്റ് ഹെല്‍മറ്റ്: പിഴ അടയ്ക്കാത്തവര്‍ക്ക് നോട്ടീസ്

കോഴിക്കോട്: ഇരുചക്രവാഹനങ്ങളിലെ രണ്ട് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ മോട്ടോര്‍വാഹനവകുപ്പ് പിഴ ഈടാക്കി തുടങ്ങി. ആദ്യ മണിക്കൂറില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് പേരില്‍ നിന്ന് പിഴ ഈടാക്കിയതായി മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെ എട്ടു മുതലാണ് പരിശോധന ആരംഭിച്ചത്.
പരിശോധന തുടരുമെന്നും പിഴ ഈടാക്കുന്നതില്‍ നിന്ന് പിന്‍മാറില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നഗരത്തില്‍ പലരും പിഴ അടയ്ക്കുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളിലും മറ്റും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയാണ്. ഹെല്‍മറ്റ് വിപണിയില്‍ കിട്ടാനില്ലെന്നാണിവര്‍ പറയുന്നത്. അതിനാല്‍ പിഴ അടയ്ക്കില്ലെന്നും ഇവര്‍ പറയുന്നു. അതേസമയം പിഴ അടയ്ക്കാത്തവര്‍ക്ക് നോട്ടീസ് നല്‍കി നടപടി സ്വീകരിക്കാനാണ് തീരുമാനം. നാല് വയസിനു മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ പലരും സ്‌കൂളിലേക്ക് കുട്ടികളുമായെത്തിയത് ഹെല്‍മറ്റില്ലാതെയാണ്. ഇവരില്‍ പലരോടും പിഴ ഈടാക്കാതെ താക്കീത് നല്‍കി വിട്ടയച്ചു. ഇന്നു മുതല്‍ ഈ ഇളവ് അനുവദിക്കില്ലെന്നും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ മാസം ഒന്നു മുതല്‍ നിയമം നടപ്പാക്കാന്‍ തീരുമാനിച്ചെങ്കിലും പിഴ ഈടാക്കിയിരുന്നില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ബോധവത്കരണം നല്‍കുകയായിരുന്നു. അതേസമയം പോലീസും ഇന്നലെ മുതല്‍ പിഴ ഈടാക്കി തുടങ്ങി. കഴിഞ്ഞ ദിവസം എറണാകുളം, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് പിഴ ഈടാക്കിയിരുന്നു. എന്നാല്‍ കോഴിക്കോട് സിറ്റി പരിധിയില്‍ ബോധവത്കരണം നടത്തുകയായിരുന്നു. മറ്റിടങ്ങളില്‍ പിഴ ഈടാക്കിയ സാഹചര്യത്തിലാണ് കോഴിക്കോടും സിറ്റി പോലീസ് പിഴ ഈടാക്കുന്നത്. പിന്‍സീറ്റില്‍ ഹെല്‍മറ്റില്ലാതെ യാത്രചെയ്താല്‍ 500 രൂപയാണ് പിഴ . ഇത് വാഹനത്തിന്റെ ഉടമയില്‍ നിന്നാണ് ഈടാക്കുക . കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 1000 രൂപയാക്കും. ഹെല്‍മറ്റില്ലാതെ രണ്ടുപേര്‍ യാത്ര ചെയ്യുകയാണെങ്കില്‍ രണ്ടു നിയമലംഘനങ്ങളായി കണക്കാക്കി 1000 രൂപ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇരചക്രവാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് നാലുവയസിന് മുകളിലുള്ള ഇരുചക്രവാഹന യാത്രക്കാര്‍ ബിഐഎസ് അംഗീകൃത ഹെല്‍മറ്റ് ധരിക്കണമെന്ന് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍