റോമ വീണ്ടും

 സൂപ്പര്‍ഹിറ്റായ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടിയാണ് റോമ അസ്രാനി. മിസ്റ്റര്‍ ഈറബാബു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയതെങ്കിലും റോമ കൂടുതലും അഭിനയിച്ചത് മലയാള ചിത്രങ്ങളിലായിരുന്നു. റോമയുടെ ഏറ്റവും മികച്ച വേഷങ്ങളും മലയാളത്തിലായിരുന്നു. നോട്ട് ബുക്ക്, ചോക്ക്‌ളേറ്റ്, ജൂലൈ 4, ട്രാഫിക്, മിന്നാമിന്നിക്കൂട്ടം, ലോലിപോപ്പ്, കളേഴ്‌സ്, ചാപ്പാ കുരിശ് എന്നീ ചിത്രങ്ങള്‍ തന്നെ ഉദാഹരണം. 2017ല്‍ റിലീസ് ചെയ്ത സത്യ എന്ന ചിത്രത്തിനുശേഷം രണ്ടു വര്‍ഷത്തോളം അഭിനയരംഗത്തു നിന്ന് വിട്ടുനിന്ന താരം ഇപ്പോള്‍ വീണ്ടും തിരിച്ചെത്തുന്നു. നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തില്‍ സാറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് റോമ വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നത്. പതിനെട്ടാംപടി ഫെയിം അക്ഷയ് രാധാകൃഷ്ണന്‍ ആണ് ചിത്രത്തില്‍ നായകനാകുന്നത്. നൂറിന്‍ ഷെരീഫ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജീവന്‍ലാല്‍ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജിന്‍സ് തോമസ്, ദ്വാരക് ഉദയശങ്കര്‍ എന്നിവരാണ് വെള്ളേപ്പം എന്ന ചിത്രം നിര്‍മിക്കുന്നത്. തൃശൂരിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍