ബിജെപിയ്‌ക്കൊപ്പം കൂടിയത് തെറ്റെന്ന് അജിത്ത് സമ്മതിച്ചു, മാപ്പു നല്‍കി: പവാര്‍

മുംബൈ: ബിജെപിയുമായി കൂട്ടുചേര്‍ന്നത് തെറ്റായിപ്പോയെന്ന് അജിത് പവാര്‍ തന്നോടു സമ്മതിച്ചിരുന്നെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഒരു മറാത്തി ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പവാറിന്റെ വെളിപ്പെടുത്തല്‍. 80 മണിക്കൂര്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വം സൃഷ്ടിച്ചതിനു താന്‍ അജിത്തിനു മാപ്പു നല്‍കിയെന്നും പവാര്‍ പറഞ്ഞു. ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്ന വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മുന്നില്‍ വച്ചിരുന്നെന്നും താന്‍ അത് നിരസിക്കുകയായിരുന്നെന്നും പവാര്‍ അഭിമുഖത്തില്‍ പറഞ്ഞു. എന്‍സിപി കോണ്‍ഗ്രസുമായും ശിവസേനയുമായും നടത്തിയ ചര്‍ച്ചകള്‍ നീണ്ടുപോയതാണ് അജിത്തിനെ പിണക്കിയതെന്നും പവാര്‍ തുറന്നുപറഞ്ഞു. അജിത്തിന്റെ നേതൃത്വത്തില്‍ ഇപ്പോഴും എന്‍സിപിയലെ ഒരു വിഭാഗം വിശ്വസിക്കുന്നുണ്ടെന്നും താന്‍ ഡല്‍ഹിയിലായിരിക്കുമ്പോള്‍ അവര്‍ അജിത്തിനെയാണു സമീപിക്കുന്നതെന്നും അജിത്തിന്റെ ഇപ്പോഴും പാര്‍ട്ടിയില്‍ നിലനിര്‍ത്തുന്നതിനു കാരണമായി പവാര്‍ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചതിനു പിന്നാലെയാണു പവാറിന്റെ വെളിപ്പെടുത്തല്‍. 80 മണിക്കൂര്‍ നേരത്തേക്കു മുഖ്യമന്ത്രി സ്ഥാനം വഹിച്ചശേഷം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചൊഴിഞ്ഞതോടെയാണ് ഉദ്ദവ് താക്കറെയ്ക്കു മുഖ്യമന്ത്രി സ്ഥാനത്തേക്കു വഴി തെളിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍