ഷെയിനെ 'അമ്മ' വിളിപ്പിക്കും; നിര്‍മാതാക്കളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി താരസംഘടന

കൊച്ചി :താരസംഘടനയായ അമ്മ ഷെയ്ന്‍ നിഗം വിഷയം വീണ്ടും ചര്‍ച്ച ചെയ്യും. കൊച്ചിയില്‍ ചേരുന്ന നിര്‍വാഹക സമിതിയോഗത്തില്‍ ഷെയ്ന്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് 'അമ്മ' അറിയിച്ചു. യോഗത്തിലേക്ക് ഷെയ്ന്‍ വിളിച്ചുവരുത്തും. ജനുവരി ഒമ്പതാം തിയതിയാണ് നിര്‍വാഹക സമിതിയോഗം ചേരുന്നത്. ഷെയ്ന്‍ കേട്ടശേഷം നിര്‍മാതാക്കളുടെ സംഘടനയുമായി 'അമ്മ' ചര്‍ച്ച നടത്തും. ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുന്നതിനും വെയില്‍ , ഖുര്‍ബാനി സിനിമകളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നതിനും ഷെയ്‌നിന്റെ കൈയില്‍ നിന്ന് 'അമ്മ'ഉറപ്പ് വാങ്ങും. ഇതിന് ശേഷമാകും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള ചര്‍ച്ച. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്നാണ് സൂചന. നേരത്തെ ഡിസംബര്‍ 22ന് തീരുമാനിച്ചിരുന്ന നിര്‍വാഹകസമിതിയോഗം മോഹന്‍ലാല്‍ സ്ഥലത്തില്ലാത്തതിനാല്‍ ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.
നിര്‍മാതാക്കള്‍ക്കെതിരെ നടത്തിയ മനോരോഗി പരാമര്‍ശത്തില്‍ ഷെയ്ന്‍ മാപ്പ് പറഞ്ഞതോടെയാണ് ചര്‍ച്ചയ്ക്ക് വഴി തെളിഞ്ഞത്. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പ് നല്‍കണമെന്നും കാണിച്ച് ഷെയ്ന്‍ നിര്‍മാതാക്കള്‍ക്കും കത്ത് നല്‍കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍