ഏവരെയും ഉള്‍ക്കൊള്ളുന്നതാണ് ഭാരതീയ സംസ്‌കാരം: സ്പീക്കര്‍

അങ്ങാടിപ്പുറം: വിവിധ ജീവിതരീതികളുടെയും ചിന്താധാരകളുടെയും ആശയസംഹിതകളുടെയും സമഞ്ജസ സമ്മേളനമാണ് ഭാരതീയ സംസ്‌കാരമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് അതിന്റെ സാരമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേരള ഗ്രന്ഥശാലാ സംഘം പെരിന്തല്‍മണ്ണ താലൂക്ക് പ്ലാറ്റിനം ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍.
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം നമ്മുടെ സാംസ്‌കാരിക ബോധത്തില്‍ ആഴത്തിലുള്ള നവോഥാന മൂല്യങ്ങള്‍ ഉത്പാദിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അത് ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഊന്നിയ പൊതുബോധത്തില്‍ അധിഷ്ഠിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മത ഭേദമന്യേ ബഹുജനങ്ങളുടെ ഐക്യനിര ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാകണം ഈ കാലഘട്ടത്തില്‍ ഗ്രന്ഥശാലകള്‍ ഏറ്റെടുക്കേണ്ട ദൗത്യമെന്നും സ്പീക്കര്‍ പറഞ്ഞു. അങ്ങാടിപ്പുറം എം.പി നാരായണ മേനോന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ടി.കെ റഷീദലി, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സയ്യിദ് ബഷീര്‍ ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.വാസുദേവന്‍ സ്വാഗതവും എം. അമ്മിണി നന്ദിയും പറഞ്ഞു.
ഗ്രന്ഥശാലാ പ്രവര്‍ത്തക സംഗമം 'നവകേരള നിര്‍മ്മിതിയും ഗ്രന്ഥശാലകളും' എന്ന വിഷയമവതരിപ്പിച്ച് കെ.പി.രമണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.കെ.കെ.ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സി.വാസുദേവന്‍ സ്വാഗതവും വേണു പാലൂര്‍ നന്ദിയും പറഞ്ഞു. താലൂക്കിലെ മുതിര്‍ന്ന ഗ്രന്ഥശാലാ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കീഴാറ്റൂര്‍ അനിയന്‍ ഉദ്ഘാടനം ചെയ്തു.
നാല്പതിലധികം പ്രവര്‍ത്തകരെ ആദരിച്ച ചടങ്ങില്‍ ടി.ജെ.ഏബ്രഹാം അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി കെ.മൊയ്തുട്ടി സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം എം.പി.രാജന്‍ നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍