റോക്കറ്റ് ആക്രമണം: നെതന്യാഹുവിനെയും ഭാര്യയെയും സുരക്ഷാകേന്ദ്രത്തിലേക്കു മാറ്റി

ജറുസലം: ഗാസയില്‍നിന്നുള്ള റോക്കറ്റ് ആക്രമണത്തെത്തുടര്‍ന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനെയും ഭാര്യ സാറായെയും സുരക്ഷാ സങ്കേതത്തിലേക്കു മാറ്റി.
അഷ്‌കലോണ്‍ നഗരത്തില്‍ ലിക്കുഡ് പാര്‍ട്ടിയുടെ യോഗത്തില്‍ നെതന്യാഹു പ്രസംഗിക്കുമ്പോഴാണ് ആക്രമണ മുന്നറിയിപ്പു നല്‍കി സൈറണ്‍ മുഴങ്ങിയത്. ഉടന്‍ തന്നെ സുരക്ഷാഭടന്മാര്‍ നെതന്യാഹുവിനെയും ഭാര്യയെയും സ്റ്റേജില്‍ നിന്ന് സുരക്ഷാകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.
അല്പ സമയം കഴിഞ്ഞ് വീണ്ടും സ്റ്റേജിലെത്തിയ നെതന്യാഹു ഇസ്രേലികളെ ആക്രമിക്കുന്ന ജിഹാദിസ്റ്റുകള്‍ക്ക് മുന്നറിയിപ്പു നല്‍കി.
കഴിഞ്ഞമാസം ഇസ്‌ലാമിക ജിഹാദിസ്റ്റ് കമാന്‍ഡര്‍ അബു അല്‍അത്താ ഗാസായിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുന്‌പോള്‍ ഇസ്രേലി ആക്രമണത്തില്‍ കൊല്ലപ്പെട്ട കാര്യം മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
അല്‍ അത്തായുടെ വധത്തെത്തുടര്‍ന്ന് ഇസ്രേലികളും പലസ്തീന്‍കാരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ രണ്ടുദിവസം നീണ്ടുനിന്നു. അഷ്‌കലോണിലുണ്ടായ റോക്കറ്റ് ആക്രമണത്തിനു പ്രതികാരമായി ഇസ്രേലി സൈന്യം ഗാസയിലെ തീവ്രവാദി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ലിക്കുഡ് പാര്‍ട്ടി നേതൃത്വത്തിനായി നെതന്യാഹുവും മുന്‍ ഇസ്രേലി ആഭ്യന്തരമന്ത്രി ഗിദയോനുമായി മത്സരിക്കുന്ന സമയത്തുതന്നെയാണ് അഷ്‌കലോണ്‍ നഗരത്തില്‍ ആക്രമണം നടന്നത്. 116,000 പാര്‍ട്ടി അംഗങ്ങള്‍ക്കാണ് വോട്ടവകാശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍