ഉന്നാവോ സംഭവം ദുഃഖകരം, കേസ് അതിവേഗ കോടതി കേള്‍ക്കും: യോഗി ആദിത്യനാഥ്


ന്യൂഡല്‍ഹി: ഉന്നാവോയിലെ പെണ്‍കുട്ടിയുടെ മരണം അതീവ ദുഃഖകരമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് തീവച്ചുകൊന്ന കേസ് അതിവേഗ കോടതി കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസ് അതിവേഗ കോടതി പരിഗണിക്കും. കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11.40ന് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലായിരുന്നു ഉന്നാവോ പെണ്‍കുട്ടിയുടെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണു ലക്‌നോവില്‍നിന്നു ഡല്‍ഹിയിലെ ആശുപത്രിയില്‍ എത്തിച്ചത്. കേസിന്റെ ആവശ്യത്തിനായി കോടതിയിലേക്കു പോകവെയാണ് പെണ്‍കുട്ടിയെ പ്രതികളുള്‍പ്പെടെയുള്ള അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി തീകൊളുത്തിയത്. ഉന്നാവോയിലെ ഹിന്ദുനഗറില്‍വച്ചായിരുന്നു സംഭവം. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്‌പേയി, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് അക്രമികള്‍. ഇതില്‍ ശിവം ത്രിവേദിയും ശുഭം ത്രിവേദിയും 2018ല്‍ തന്നെ മാനഭംഗപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. പൊള്ളലേറ്റ പെണ്‍കുട്ടി ഒരു കിലോമീറ്ററോളം ഓടിയെന്നു ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. ഇതിനുശേഷമാണു വൈദ്യസഹായം ലഭിച്ചത്. പരിക്ക് ഗുരുതര മാണെന്നു കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സയ്ക്ക് ലക്‌നോയിലേക്കു മാറ്റുകയായിരുന്നു. ശരീരത്തില്‍ 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു പെണ്‍കുട്ടി. പിന്നാലെ, അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി ഒ.പി.സിംഗ് അറിയിച്ചു. ഉന്നാവോയില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ പ്രതിയായ മറ്റൊരു മാനഭംഗക്കേസിലെ ഇരയും സമാനമായ അവസ്ഥയിലൂടെയാണു കടന്നുപോകുന്നത്. കേസിന്റെ ആവശ്യത്തിനായി കോടതിയിലേക്കു പോവുകയായിരുന്ന പെണ്‍കുട്ടിയെയും കുടുംബത്തെയും പ്രതികള്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമി ച്ചിരുന്നു. പെണ്‍കുട്ടിയുടെ ഉറ്റബന്ധുക്കള്‍ അപകടത്തില്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോഴും ചികിത്സയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍