ബഹ്‌റൈനിലെ സ്വദേശിവല്‍ക്കരണ പ്രക്രിയ; ചില തസ്തികകളില്‍ വിദേശികളെ വിലക്കണമെന്ന് ആവശ്യം

ബഹ്‌റൈന്‍:ചില പ്രത്യേക തൊഴില്‍ തസ്തികകളില്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന പ്രമേയത്തിന് കഴിഞ്ഞ ദിവസം ബഹ്‌റെന്‍ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു. എന്നാല്‍ ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം ശൂറാ കൌണ്‍സിലിന്റെയും രാജാവിന്റെയും അംഗീകാരത്തിന് വിധേയമായിരിക്കും. തൊഴിലില്ലായ്മ നിരക്ക് കുറക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശികളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിന്റെ തുടര്‍ച്ചയായാണ് പുതിയ നിര്‍ദേശം പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടത്. ചില പ്രത്യേക തൊഴിലുകളില്‍ വിദേശികളുടെ റിക്രൂട്ട്‌മെന്റിന് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യത്തിന്മേലുള്ള വോട്ടെടുപ്പില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു. ഒരു വര്‍ഷക്കാലത്തേക്ക് സര്‍ക്കാര്‍ മേഖലയിലെ തൊഴിലവസരങ്ങളില്‍ പൂര്‍ണമായും വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ആദില്‍ അല്‍ അസൂമി എം.പി ആവശ്യപ്പെട്ടു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ മേഖലയിലെ തൊഴിലുകള്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന് ഈയിടെ പാര്‍ലിമെന്റില്‍ എം.പി മാര്‍ ഈയിടെ അനുകൂലമായി വോട്ട് ചെയ്തിരുന്നു. നിലവില്‍ 85 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം പൂര്‍ണമായി നടപ്പിലായിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ പൂര്‍ണമായി സാധിക്കുന്നത് വരെ സ്വദേശിവല്‍ക്കരണ ശ്രമങ്ങള്‍ ശക്തമാക്കണമെന്നുമാണ് പാര്‍ലമെന്റിലുയരുന്ന ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍