അവശ്യസാധനങ്ങളുടെ ജിഎസ്ടി കൂട്ടും

 ന്യൂഡല്‍ഹി: നികുതി വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങളുടെയും ആര്‍ഭാടവസ്തുക്കളുടെയും പുകയിലയുടെയും ജിഎസ്ടി വര്‍ധിപ്പിക്കാന്‍ ആലോചന. 18നു ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണു സൂചന. അഞ്ചു ശതമാനം ജിഎസ്ടി ഉള്ള സ്ലാബിലെ നികുതി ആറു ശതമാനമായി കൂട്ടുന്നതാണ് പ്രധാന നിര്‍ദേശം. ഭക്ഷ്യവസ്തുക്കള്‍, ചെരിപ്പുകള്‍, സാധാരണ വസ്ത്രങ്ങള്‍, തേയിലപ്പൊടി, കാപ്പിപ്പൊടി, മണ്ണെണ്ണ, രാസവളങ്ങള്‍, ഇന്‍സുലിന്‍ തുടങ്ങിയ അഞ്ചു ശതമാനം നികുതി ഉള്ള ഇനങ്ങളാണ്. ഇതേപോലെ, ആര്‍ഭാടവസ്തുക്കളുടെയും വാഹനങ്ങളുടെയും മേലുള്ള സെസ് വര്‍ധിപ്പിക്കുന്നതും ആലോചനയിലാണ്. സംസ്ഥാനങ്ങള്‍ക്കു ജിഎസ്ടി മൂലം നികുതി വരുമാനം കുറഞ്ഞതിനു നഷ്ടപരിഹാരം നല്കാന്‍ എന്നപേരിലാണു പുകയില ഉത്പന്നങ്ങള്‍, കോളകള്‍, വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് സെസ് ഏര്‍പ്പെടുത്തിയത്. ചെറുകാറുകള്‍ക്ക് വിലയുടെ ഒരു ശതമാനമാണു സെസ്. പുകയില ഉള്ള പാന്‍മസാലയ്ക്ക് 204 ശതമാനവും.ജിഎസ്ടി പിരിവി്‌ന്റെ അഞ്ചു ശതമാനമാണ് അഞ്ചു ശതമാനം നികുതിയുള്ള സ്ലാബില്‍നിന്നു കിട്ടുന്നത്. ഇത് ഒരു ശതമാനം കൂട്ടിയാല്‍ മാസം ആയിരം കോടി രൂപ അധികം കിട്ടും. പ്രതിമാസം 1.18 ലക്ഷം കോടി രൂപ ലക്ഷ്യമിട്ടെങ്കിലും ജിഎസ്ടി പിരിവ് ഈ വര്‍ഷം മൂന്നു തവണയേ ഒരു ലക്ഷം കോടി രൂപയിലെത്തിയുള്ളൂ. ഇതുമൂലം സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം കുറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍