ഷെയ്ന്‍ നിഗം പ്രശ്‌നം: 'അമ്മ'യും നിര്‍മാതാക്കളുമായി 5ന് ചര്‍ച്ച

കൊച്ചി: യുവനടന്‍ ഷെയ്ന്‍ നിഗത്തിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നതു സംബന്ധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ 'അമ്മ'യും തമ്മിലുള്ള ആദ്യവട്ട ചര്‍ച്ച അഞ്ചിനു നടക്കും. 'അമ്മ' നല്‍കിയ കത്തിനു മറുപടിയായി അഞ്ചിനു ചര്‍ച്ചയില്‍ എത്തിച്ചേരാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സൗകര്യം ആരാഞ്ഞിരുന്നു. അഞ്ചിനു തടസങ്ങളില്ലെന്നാണ് 'അമ്മ' മറുപടി നല്‍കിയത്. ചര്‍ച്ചയ്ക്കു മുന്നോടിയായി നാളെ ഷെയ്‌നുമായി അമ്മ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തും. കുറ്റാരോപിതന്റെ ഭാഗം കേള്‍ക്കുന്നതിനാണ് ഷെയ്‌നുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഷെയന്റെ ഭാഗത്ത് അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ഒരാളുടെ തൊഴില്‍ നിഷേധിക്കും വിധം വിലക്കേര്‍പ്പെടുത്തിയതിനോട് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വിയോജിപ്പുണ്ട്. ഇരു ഭാഗത്തും വിട്ടുവീഴ്ച വേണമെന്ന നിലപാടാണ് അമ്മയ്ക്ക്. മുടങ്ങിയ മൂന്ന് സിനിമകളും പൂര്‍ത്തിയാക്കണമെന്നുള്ള നിര്‍ദേശമായിരിക്കും അമ്മ ഷെയ്‌ന് നല്‍കുക. ഷെയ്ന്‍ ഇതു സമ്മതിക്കാന്‍ തയാറായാല്‍ വിലക്ക് നീക്കണമെന്ന ആവശ്യം അമ്മ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു മുന്നില്‍ വയ്ക്കും. ഷെയ്‌ന് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരേ സിനിമാ മേഖലയില്‍നിന്ന് ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വിട്ടുവീഴ്ചയുടെ പാതയിലാണ്. ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തീകരിച്ചാല്‍ ഷെയ്‌ന്റെ വിലക്ക് നീക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കഴിഞ്ഞദിവസം അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. തെറ്റ് തിരിച്ചറിഞ്ഞ് മുന്നോട്ടുവന്ന് ഷൂട്ടിംഗ് മുടങ്ങിയ വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ സഹകരിക്കണമെന്ന ആവശ്യവും നിര്‍മാതാക്കള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍