തമിഴ്‌നാട്ടില്‍ ദുരിതം വിതച്ച് കനത്ത മഴ; മതില്‍ ഇടിഞ്ഞുവീണ് 23 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണ് 23 പേര്‍ മരിച്ചു. മേട്ടുപ്പാളയം ടൗണിന് സമീപത്തുള്ള നാഡൂരില്‍ എഡി കോളനിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്. കനത്ത മഴയില്‍ കരിങ്കല്‍ മതില്‍ വീടുകള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയില്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായി 20 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ആറ് തീരദേശ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവള്ളൂര്‍, തൂത്തുക്കുടി, രാമനാഥപുരം, തിരുനല്‍വേലി, കാഞ്ചീപുരം, കടലൂര്‍ എന്നീ ജില്ലകളിലാണു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 20 സെന്റിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അണ്ണാ സര്‍വകലാശാലയും മദ്രാസ് സര്‍വകലാശാലയും ഇന്ന് നടത്താനിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുച്ചേരിയിലെ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍