കോടതി ജീവനക്കാരുടെ മാല മോഷ്ടിച്ചയാളെ 18 വര്‍ഷത്തിനു ശേഷം പിടികൂടി

പാലക്കാട്:കോടതി ജീവനക്കാരുടെ മാല കോടതിയില്‍ വച്ച് മോഷ്ടിച്ചയാളെ 18 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി. കൊല്ലം കൊട്ടാരക്കര മൈലം തേക്കടത്ത് വീട്ടില്‍ ശ്രീകാന്തിനെ ആണ് പോലീസ് പിടികൂടിയത്. പിടികിട്ടാപ്പുള്ളികള്‍ ക്കുവേണ്ടി രൂപവല്‍ക്കരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡ് ചെന്നൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 4ലെ ടൈപ്പിസ്റ്റ് ആയ അജിതകുമാരി യുടെ മാലയാണ് കോടതിവളപ്പില്‍ നിന്ന് ശ്രീകാന്ത് പിടിച്ചുപറിച്ചത്. രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ അന്ന് പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ശ്രീകാന്ത് കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശിയാണ്. ആദ്യം പിടിയിലായ സമയത്ത് കൊട്ടാരക്കരയുള്ള ഭാര്യ വീടിന്റെ വിലാസമാണ് നല്‍കിയത്. പിന്നീട് എറണാകുളം, പെരുമ്പടപ്പ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് വിവാഹം കഴിച്ച് അവിടുത്തെ മേല്‍വിലാസങ്ങളും സ്വീകരിച്ചിട്ടുണ്ട്. പോലീസ് ഇയാളെ അന്വേഷിച്ചപ്പോള്‍ നാലാമത്തെ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നെന്നും പോലീസ് പറഞ്ഞു. കൊല്ലം എറണാകുളം ചെന്നൈ എന്നിവിടങ്ങളില്‍ നിരവധി സാമ്പത്തിക തട്ടിപ്പുകളും വിസ തട്ടിപ്പുകളും നടത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഡി സി ആര്‍ ബി ഡിവൈഎസ്പി.കെ.എല്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസുകാരായ ദീപു, സലാവുദ്ദീന്‍, റിയാസ്, രവി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍