തണുത്തുവിറച്ച് ഡല്‍ഹി; 119 വര്‍ഷത്തിലെ ഏറ്റവും തണുപ്പേറിയ ഡിസംബര്‍

ന്യൂഡല്‍ഹി: ഡല്‍ഹി തണുത്തുവിറയ്ക്കുന്നു. 119 വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ ഡിസംബര്‍ മാസം എന്ന നിലയിലേക്ക് ഈ വര്‍ഷം മാറുകയാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 19.85 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ഈ മാസത്തെ ശരാശരി ഉയര്‍ന്ന താപനില. ഈ മാസം അവസാനത്തോടെ ഈ ശരാശരി 19.15 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുമെന്നാണു മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതീക്ഷിക്കുന്നത്.
1919, 1929, 1961, 1997 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസിനു താഴെയായത്. കണക്കുകൂട്ടുന്ന തരത്തില്‍ ഈ മാസം മുപ്പത്തൊന്നോടെ 19.15 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴ്ന്നുകഴിഞ്ഞാല്‍ 1901നുശേഷമുള്ള ഏറ്റവും തണുപ്പേറിയ ഡിസംബറാകും അത്.
1997 ഡിസംബറിലാണ് ഇതിനുമുമ്പ് ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയത്. 17.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇതിനു മുമ്പുള്ള കുറഞ്ഞ താപനില. 1919, 1929 വര്‍ഷങ്ങളില്‍ 19.8 ഡിഗ്രി സെല്‍ഷ്യസിലേക്കും 1962ല്‍ 20 ഡിഗ്രി സെല്‍ഷ്യസിലേക്കും ശരാശരി താപനിലയെത്തി.
ഡിസംബര്‍ പതിനെട്ടിന് 12.2 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ താപനിലയെന്ന് സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററി പറയുന്നു. എന്നാല്‍ 25ന് പാലത്തെ കാലാവസ്ഥ കേന്ദ്രത്തില്‍ 11.4 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ഡിസംബര്‍ 13നുശേഷം ഡല്‍ഹിയില്‍ മരംകോച്ചുന്ന തണുപ്പാണ് അനുഭവപ്പെടുന്നത്. 1997നുശേഷം ഇത് ആദ്യമാണെന്നും അധികൃതര്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍