തുര്‍ക്കിയില്‍നിന്ന് 11,000 മെട്രിക് ടണ്‍ സവാള ഇറക്കുമതി ചെയ്യും

ന്യൂഡല്‍ഹി: കുതിച്ചുകയറുന്ന സവാളവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ എംഎംടിസി തുര്‍ക്കിയില്‍നിന്ന് 11,000 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്യാന്‍ നീക്കം തുടങ്ങി. ഈജിപ്തില്‍നിന്ന് 6,090 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്തതിനു പിന്നാലെയാണ് ഈ നടപടി. തുര്‍ക്കിയില്‍നിന്നുള്ള സവാള ജനുവരിയോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. അതേസമയം, ഇറക്കുമതി ചെയ്യുന്ന സവാള കിലോഗ്രാമിനു 52-55 രൂപ നിരക്കില്‍ വിതരണം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചിട്ടുണ്ട്. സവാളവില കിലോഗ്രാമിനു നൂറു രൂപയ്ക്കു മുകളിലേക്കു കുതിച്ചു കയറിയതോടെ ഈജിപ്ത്, തുര്‍ക്കി, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു 1.2 ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. പൊതുമേഖലാ സ്ഥാപനമായ മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിംഗ് കോര്‍പറേഷന്‍ (എംഎംടിസി) ഇറക്കുമതി ചെയ്യാനും നാഫെഡ് അടക്കമുള്ള സര്‍ക്കാര്‍ വിതരണ കേന്ദ്രങ്ങളിലൂടെ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യാനുമായിരുന്നു നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈജിപ്തില്‍നിന്നും യുഎഇയില്‍നിന്നും ആദ്യ ഇറക്കുമതി നടത്തിയത്. എന്നിട്ടും വില കുറയാത്തതു കണക്കിലെടുത്താണു വീണ്ടും 11,000 മെട്രിക് ടണ്‍ കൂടി ഇറക്കുമതി ചെയ്യാനുള്ള കരാര്‍ എംഎംടിസി ഒപ്പുവച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍