തൃപ്തി ദേശായിയുടെ വരവിനു പിന്നില്‍ ഗൂഢാലോചന, കൃത്യമായ അജണ്ട: കടകംപള്ളി

തിരുവനന്തപുരം: തൃപ്തി ദേശായിയുടെ വരവിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപിക്കു മേല്‍ക്കൈയുള്ള പൂനയില്‍നിന്നാണ് തൃപ്തിയുടെ വരവെന്നും തീര്‍ഥാടന കാലത്തെ ആക്ഷേപിക്കാനുള്ള പുറപ്പാടാണ് ഇപ്പോള്‍ നടക്കുന്നതെന്നും കടകംപള്ളി മാധ്യമങ്ങളോടു പറഞ്ഞു. ബിജെപിക്കു മേല്‍ക്കൈയുള്ള പൂനയില്‍നിന്നാണു തൃപ്തി ദേശായിയുടെ വരവ്. ശബരിമലയില്‍ പോകുന്നു എന്നു പറഞ്ഞു മഹാരാഷ്ട്രയില്‍നിന്ന് ഇവര്‍ വരുന്ന വിവരം കേരളത്തിലെ ഒരു മാധ്യമം മാത്രമാണ് അറിഞ്ഞത്. കോട്ടയം വഴി ശബരിമലയിലേക്കു പോകുന്നു എന്നു പറഞ്ഞ തൃപ്തി ദേശായിയും സംഘവും എറണാകുളത്തു കമ്മീഷണറുടെ ഓഫീസിലാണ് എത്തിയത്. എന്നിട്ടും ഇവിടെ പ്രതിഷേധക്കാര്‍ സംഘടിച്ചു. ഇതില്‍ ഗൂഡാലോചന ഉണ്ടോ എന്നു സംശയിക്കുന്നുണ്ടെന്നും കടകംപള്ളി പറഞ്ഞു. തൃപ്തി ദേശായിയുടെ വരവിനു പിന്നില്‍ കൃത്യമായ തിരക്കഥയും അജണ്ടയുമുണ്ടെന്നു കരുതുന്നതില്‍ തെറ്റില്ല. തീര്‍ഥാടന കാലത്തെ ആക്ഷേപിക്കാനുള്ള പുറപ്പാടാണ് ഇപ്പോള്‍ നടക്കുന്നത്. ഇതൊരു ക്രമസമാധാന പ്രശ്‌നമാക്കി വളര്‍ത്താനാണു ശ്രമങ്ങള്‍ നടക്കുന്നത്. സംഘര്‍ഷമുണ്ട് എന്നു വരുത്തിത്തീര്‍ക്കാനും അസ്വസ്ഥത സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും കടകംപള്ളി കുറ്റപ്പെടുത്തി. ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച പത്തൊമ്പതിലെ സുപ്രീംകോടതി വിധിയില്‍ അവ്യക്തതയുണ്ട് എന്നു നിയമജ്ഞര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ഈ അവ്യക്തത മാറുക എന്നതു പ്രധാനമാണ്. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. അവ്യക്തത മാറ്റാന്‍ ആര്‍ക്കുവേണെങ്കിലും കോടതിയെ സമീപിക്കാം. ശബരിമലയിലേക്ക് ഇപ്പോള്‍ തീര്‍ഥാടക പ്രവാഹമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍