കേരള മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബില്‍ പാസാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരഗതാഗതത്തിന്റെ ആസൂത്രണം, മേല്‍നോട്ടം, ഏകോപനം, വികസനം, നിയന്ത്രണം എന്നിവക്കായി മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ രൂപവല്‍കരിക്കാനുള്ള ബില്‍ നിയമസഭ പാസാക്കി. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ഡിസംബര്‍ 11 ന് നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ സെലക്റ്റ് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്ത പ്രകാരമാണ് സഭ പാസാക്കിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം ഒരു നിയമനിര്‍മാണം. യന്ത്രവല്‍കൃതമല്ലാത്തതുള്‍പ്പെടെയുള്ള വിവിധ ഗതാഗത സംവിധാനങ്ങളുടെ ഏകോപനം, ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റത്തില്‍ അധിഷ്ഠിതമായ എല്ലാ ഗതാഗത സംവിധാനങ്ങള്‍ക്കും യോജിച്ചതും ഏകോപിപ്പിച്ചതുമായ സ്മാര്‍ട്ട് ടിക്കറ്റ് വിതരണ സംവിധാനം, നഗര ഗതാഗത സേവനം മെച്ചപ്പടുത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഗതാഗത മന്ത്രി ചെയര്‍പേഴ്‌സണായും ഗതാഗത സെക്രട്ടറി വൈസ് ചെയര്‍പേഴ്‌സണായും ഉള്ള അഥോറിറ്റിയില്‍ നാല് വിദഗ്ധര്‍ ഉള്‍പ്പെടെ 18 അംഗങ്ങള്‍ ഉണ്ടാകും. അതോറിറ്റി രൂപവല്‍ക്കരിക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി അര്‍ബന്‍ മൊബിലിറ്റി പ്രദേശങ്ങള്‍ പ്രഖ്യാപിച്ചു വിജ്ഞാപനം പുറപ്പെടുവിക്കും. ഇതിന്റെ അതിരുകളും പ്രദേശങ്ങളും കാണിക്കുന്ന ഭൂപടം പ്രസിദ്ധപ്പെടുത്തും. എന്നാല്‍ വിജ്ഞാപനം പുറപ്പെടുവിക്കാതെ ആക്ട് പ്രകാരം തന്നെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധി അര്‍ബന്‍ മൊബിലിറ്റി പ്രദേശങ്ങളാണ്. അര്‍ബന്‍ മൊബിലിറ്റി പ്രദേശത്ത് മറ്റ് പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. ഒരു അര്‍ബന്‍ മൊബിലിറ്റി പ്രദേശത്തിന് ഒരു അതോറിറ്റിയാണ് രൂപീകരിക്കാവുന്നത്. (സംസ്ഥാനതലത്തില്‍ ഒരു അതോറിറ്റിയല്ല). ആദ്യം കൊച്ചി കോര്‍പറേഷന്‍ പരിധി ഉള്‍പ്പെടുന്ന അര്‍ബന്‍ മൊബിലിറ്റി പ്രദേശത്ത് അതോറിറ്റി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റ് നഗരങ്ങളിലും അര്‍ബര്‍ മൊബിലിറ്റി പ്രദേശങ്ങളായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിലും അതോറിറ്റി സ്ഥാപിക്കുന്ന കാര്യം പിന്നീട് പരിശോധിക്കാവുന്നതാണ്.നഗരഗതാഗതത്തിന്റെ സങ്കീര്‍ണതകള്‍ ഒഴിവാക്കി എല്ലാ വകുപ്പുകളെയും ഒരു കുടക്കീഴിലാക്കാനും നഗരഗതാഗതം സംബന്ധിച്ച തീരുമാനങ്ങളെടുക്കുമ്പോള്‍ വകുപ്പുകളുടെ ഏകോപനം ഉണ്ടാക്കാനും അതോറിറ്റി രൂപീകരണത്തിലൂടെ സാധിക്കും. അതോറിറ്റികള്‍ നിലവില്‍ വരുമ്പോള്‍ ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ട ാക്കാന്‍ സാധിക്കുന്നതാണെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍