അപേക്ഷ ലഭിച്ചാല്‍ കെ.ആര്‍. നാരായണന്റെ സ്മൃതിമണ്ഡപ ഭൂമി ഏറ്റെടുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്ന സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ജില്ലാ കളക്ടര്‍ക്ക് അപേക്ഷയൊന്നും ലഭിച്ചിട്ടില്ലെന്നും അപേക്ഷ ലഭിക്കുന്ന മുറയ്ക്കു ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. മോന്‍സ് ജോസഫിന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.കെ.ആര്‍. നാരായണന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കാന്‍ ഉഴവൂര്‍ കുരുശു പള്ളി കവലയിലെ പഞ്ചായത്ത് സ്ഥലം കണ്ടെത്തിയെങ്കിലും പൊതുസ്ഥലങ്ങളിലും പൊതുനിരത്തുകളിലും മറ്റും പ്രതിമ സ്ഥാപിക്കുന്നതു സുപ്രീംകോടതി നിരോധിച്ച സാഹചര്യത്തില്‍ മറ്റൊരു സ്ഥലം കണ്ടെത്താന്‍ കോട്ടയം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് പ്രതിമ സ്ഥാപിക്കുന്നതിനുള്ള തുടര്‍നടപടി സ്വീകരിക്കും. കെ.ആര്‍. നാരായണന്റെ സ്മരണാര്‍ത്ഥമാണ് കോട്ടയം മീനച്ചില്‍, ഉഴവൂര്‍ ഗ്രാമപഞ്ചായത്തിലെ സാമൂഹികാരോഗ്യ കേന്ദ്രത്തെ 150 കിടക്കകളോടുകൂടിയ കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ സ്‌പെഷാലിറ്റി ആശുപത്രിയാക്കി ഉയര്‍ത്തിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്‌പെഷാലിറ്റി തസ്തികകള്‍ അനുവദിച്ചതിനു പുറമെ, ഓപ്പേറേഷന്‍ തിയേറ്ററിനാവശ്യമായ ഉപകരണങ്ങള്‍, കിടക്കകള്‍ എന്നിവ അനുവദിച്ചിട്ടുണ്ട്. ഓപ്പേറഷന്‍ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ കുറച്ചുകൂടി വിപുലപ്പെടുത്തണം. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്ന നടപടി ഡിഎംഒ കൈക്കൊണ്ടിട്ടുണ്ട്. ലിഫ്റ്റ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. പ്രളയത്തില്‍ തകര്‍ന്ന മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപണികള്‍ 2020 മേയ് 31നു മുന്‍പു പൂര്‍ത്തിയാക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇടക്കോലി കോട്ടയം മെഡിക്കല്‍ കോളജ് റോഡിന്റെ പുനരുദ്ധാരണത്തിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 20 കോടി രൂപയുടെ പദ്ധതിക്ക് തത്വത്തില്‍ ഭരണാനുമതി നല്‍കി. റോഡിന്റെ വീതിയുടെ കാര്യത്തില്‍ കിഫ്ബി നിശ്ചയിച്ചിട്ടുള്ള അളവിലും കുറഞ്ഞതാണ് ഇപ്പോഴുള്ള റോഡ്. പ്രശ്‌നം പരിഹരിച്ചാല്‍ മാത്രമേ കിഫ്ബി വഴി പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയുകയുള്ളൂ. റോഡ് അലൈന്റ്‌മെന്റ് ജനസാന്ദ്രത കൂടിയ പ്രദേശത്ത് കൂടിയാണ് കടന്നുപോകുന്നത്. അതിനാല്‍ വീതി കൂട്ടിയെടുക്കുവാന്‍ പറ്റാത്ത സാഹചര്യവും അവിടെയുണ്ട്. ഇതിന് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍