ജയിലുകള്‍ നിറയുന്നത് ഒഴിവാക്കാന്‍ പ്രൊബേഷന്‍ സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: കേരളത്തിലെ ജയിലുകളിലുള്ള ആള്‍ പെരുപ്പം ഒഴിവാക്കാന്‍ നല്ലനടപ്പ് സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ സാദ്ധ്യമാവുമെന്നും ഇതിനായി വലിയ പ്രവര്‍ത്തനമാണ് സാമൂഹ്യനീതി വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സമൂഹത്തില്‍ മാതൃകാപരമായ ഇടപെടലുകള്‍ നടത്തി കുറ്റവാളികളുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. വിവിധ സാമൂഹിക മാനസിക ഇടപെടലിലൂടെ കുറ്റകൃത്യത്തില്‍ നിന്നും അവരെ പിന്തിരിപ്പിച്ച് കുടുംബത്തിനും സമൂഹത്തിനും ഉപകാരികളായി മാറ്റാന്‍ സാധിക്കും.തമ്പാനൂര്‍ ചൈത്രം ഹോട്ടലില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ജില്ലാതല പ്രൊബേഷന്‍ ഉപദേശക സമിതി അംഗങ്ങളുടെ ശാക്തീകരണ ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സബ് ജഡ്ജ് എ. ജൂബിയ, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, സാമൂഹ്യനീതി വകുപ്പ് സ്‌പെഷല്‍ ഓഫീസര്‍ കെ.കെ. സുബൈര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ യു. മുകുന്ദന്‍, കെ.വി. സുഭാഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കുറ്റകൃത്യങ്ങളും പരിവര്‍ത്തന സിദ്ധാന്തവും, പ്രബേഷന്‍ സംവിധാനം കേരളത്തില്‍, നേര്‍വഴി പദ്ധതി ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും, പ്രൊബേഷന്‍ ചരിത്രവും നിയമവും, പ്രൊബേഷന്‍ ഉപദേശക സമിതിയുടെ ഉത്തരവാദിത്തങ്ങള്‍, കുറ്റവാളികളില്ലാത്ത കേരളം സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും തുടങ്ങിയ വിഷയങ്ങള്‍ ശാക്തീകരണ പരിപാടിയില്‍ ചര്‍ച്ച ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍