ജിത്തു ജോസഫിന്റെ കാര്‍ത്തി -ജ്യോതിക ചിത്രം അടുത്തമാസം തീയേറ്ററുകളില്‍, ടീസര്‍ പുറത്ത്

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമായ തമ്പിയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ കാര്‍ത്തിയാണ് നായകന്‍. ജ്യോതികയാണ് നായിക. ജ്യോതികയും കാര്‍ത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തമ്പി. ദൃശ്യത്തിന്റെ റീമേക്കായ പാപനാശം ആയിരുന്നു ജീത്തുവിന്റെ ആദ്യ തമിഴ് ചിത്രം. 'തമ്പി' അടുത്ത മാസമാണ് തീയറ്ററുകളിലെത്തുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ സൂര്യയും റിലീസ് ചെയ്തിരുന്നു. ചിത്രത്തില്‍ സത്യരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംവിധായകനായ ജീത്തു ജോസഫിനൊപ്പം റെനില്‍ ഡിസില്‍വ, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വയാകോം 18 സ്റ്റുഡിയോസും സുരാജ് സദാനയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍.ഡി. രാജശേഖറാണ്. സംഗീതം ഗോവിന്ദ് വസന്ത.'തമ്പി'യ്ക്ക് ഒപ്പം തന്നെ ജീത്തു ജോസഫിന്റെ ബോളിവുഡ് ചിത്രവും റിലീസിനൊരുങ്ങുകയാണ്. ഇമ്രാന്‍ ഹഷ്മിയും റിഷി കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ത്രില്ലര്‍ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ജീത്തു. മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം കൂടി ജീത്തു അനൗണ്‍സ് ചെയ്തിട്ടുണ്ട്. കാളിദാസ് ജയറാമിനെയും അപര്‍ണ ബാലമുരളിയേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി'യാണ് ജീത്തു ജോസഫിന്റെ ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ മലയാള ചിത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍