മരട് ഫ്‌ളാറ്റ് നഷ്ടപരിഹാരം: രേഖകളില്ലാത്ത ഉടമകള്‍ക്കായി ബദല്‍ മാര്‍ഗം തേടുന്നു

കൊച്ചി: തീരപരിപാല നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് സുപ്രീംകോടതി പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളില്‍ ഉടമസ്ഥാവകാശ രേഖകളില്ലാത്ത ഫ്‌ളാറ്റ് ഉടമകള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ ജസ്റ്റീസ് കെ. ബാലകൃഷ്ണന്‍ നായര്‍ കമ്മീഷന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നു. സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് അടിയന്തര നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഒമ്പത് ഫ്‌ളാറ്റ് ഉടമകള്‍ക്കാണ് ഉടമസ്ഥാവകാശം സംബന്ധിച്ച് ഒരു രേഖയും സമര്‍പ്പിക്കാന്‍ കഴിയാത്തത്. നഷ്ടപരിഹാരത്തിന് ഇതുവരെ കമ്മിഷനെ സമീപിച്ച 252 ഫ്‌ളാറ്റ് ഉടമകളില്‍ 243 പേരും ആധാരമോ, വില്‍പന കരാറോ പോലുള്ള രേഖകളാണ് തങ്ങളുടെ അവകാശവാദത്തിനു തെളിവായി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഈ ഒമ്പത് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഇത്തരം രേഖകളും സമര്‍പ്പിക്കാന്‍ ഉണ്ടായിരുന്നില്ല.രേഖകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇവരുടെ നഷ്ടപരിഹാര കാര്യത്തില്‍ കെട്ടിട ഉടമകള്‍ വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ ഇടയുണ്ടെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് കമ്മിഷന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നത്. ഇവര്‍ക്കുവേണ്ടി പ്രത്യേക അപേക്ഷാ ഫോം തയാറാക്കുകയും ലഭ്യമായ പരമാവധി വിവരങ്ങള്‍ ഉള്‍പ്പെടുത്തി അത് പൂരിപ്പിച്ച് ബന്ധപ്പെട്ട അധികൃതര്‍ സാക്ഷ്യപ്പെടുത്തിയശേഷം പത്തു ദിവസത്തിനകം മരട് നഗരസഭയില്‍ സമര്‍പ്പിക്കണം. നഗരസഭ ആവശ്യമായ പരിശോധനകള്‍ നടത്തി കമ്മീഷനു സമര്‍പ്പിക്കാനുമാണ് നിര്‍ദേശം. 19ന് നടക്കുന്ന സിറ്റിംഗില്‍ ഇവരുടെ കാര്യം പ്രത്യേകം പരിഗണിക്കും. ഇന്നലെ നടന്ന സിറ്റിംഗില്‍ നഷ്ടപരിഹാരത്തിനുള്ള അഞ്ച് അപേക്ഷകളാണ് പരിഗണിച്ചത്. ഇതില്‍ നാലെണ്ണം ഇടക്കാല നഷ്ടപരിഹാരത്തിന് അര്‍ഹമാണെന്ന് കണ്ടെത്തി. ഒരെണ്ണം ഫ്‌ളാറ്റ് സമുച്ചയ നിര്‍മാതാവിന്റെ ഭാര്യയുടെ പേരിലുള്ളതായിരുന്നു. ഇത് പിന്നീട് പരിഗണിക്കാന്‍ മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍