അട്ടപ്പാടിയില്‍ വര്‍ഷങ്ങളായി മാവോയിസ്റ്റ് സാന്നിധ്യം

 മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യം വര്‍ഷങ്ങളായി തുടരുന്നുണ്ടെന്നും മണ്ണാര്‍ക്കാടിന്റെ മലയോര മേഖലകളില്‍ വര്‍ഷങ്ങളായി ഇവരുടെ സാന്നിധ്യമുണ്ടെന്നും ഇതിനെതിരേ പോലീസും തണ്ടര്‍ബോള്‍ട്ടും കൃത്യമായ പ്രവര്‍ത്തനങള്‍ നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.തെങ്കര പഞ്ചായത്തിലെ ആനമൂളി, കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന്, അമ്പലപ്പാറ എന്നിവിടങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയിരുന്നു. രണ്ടുവര്‍ഷം മുമ്പ് അമ്പലപ്പാറ മലനിരകളില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിയുതിര്‍ത്തിരുന്നു. തുടര്‍ന്ന് അന്വേഷണം നടന്നെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. തെങ്കര ആനമൂളിയില്‍ മാവോയിസ്റ്റ് പോസ്റ്റര്‍ പലതവണയാണ് പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സമയത്ത് മണ്ണാര്‍ക്കിന്റെ ആറു കിലോമീറ്റര്‍ അടുത്തുവരെയാണ് ഇവരെത്തിയിരുന്നു. ആദ്യമായി അട്ടപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചത് 2013ലാണ്. മണ്ണര്‍ക്കാട് ചിന്നതടാകം അന്തര്‍ സംസ്ഥാന പാതയിലെ മുക്കാലി മന്ദംപൊട്ടിക്ക് സമീപത്താണ് ആദ്യത്തെ മാവോയിസ്റ്റ് സാന്നിധ്യം കണ്ടത്. തുടര്‍ന്ന്, നിര്‍വധിതവണ അട്ടപ്പാടിയില്‍ മാവോവാദി സംഘമെത്തിയതായി സ്ഥിരീകരണമുണ്ട്. 2015ലാണ് അട്ടപ്പാടി മേഖലയില്‍ ആദ്യമായി മാവോവാദി ആക്രമണമുണ്ടായത്. കടുമണ്ണയില്‍ പരിശോധനയ്ക്കു എത്തിയ പോലീസ് തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ ഏഴംഗ മാവോവാദി സംഘം വെടിവയ്ക്കുകയായിരുന്നു. പിന്നീട് മുക്കാലിയിലെ സൈലന്റ് വാലി റേഞ്ചില്‍ ഓഫീസിലെത്തി 19 അംഗ സംഘം മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പ് കത്തിക്കുകയും ഓഫീസിനുള്ളില്‍ കയറി രേഖകള്‍ നശിപ്പിക്കുകയും ചെയ്തു. ആനവായിലും തുടുക്കിയിലുമുള്ള വനംവകുപ്പ് ക്യാമ്പ് ഷെഡുകളും തീയിട്ടുന ശിപ്പിച്ചു.എന്നാല്‍, അട്ടപ്പാടിയുടെ വിവിധയിടങ്ങളില്‍ ഇടയ്ക്കിടെ സിപിഐ മാവോയിസ്റ്റ് ഭവാനി ദളത്തിന്റെ പേരിലുള്ള അഞ്ച് പോസ്റ്ററുകള്‍ മൂന്നിടത്തായി കണ്ടെത്തി. അഗളി പഞ്ചായത്തില്‍ ഒമ്മലയില്‍ മൂന്നുസ്ഥലങ്ങളിലായി നാല് പോസ്റ്ററുകളും ഭവാനിദളത്തിന്റെ പേരില്‍ കഴിഞ്ഞവര്‍ഷം അവസാനം കണ്ടെത്തി. മൂന്നുവര്‍ഷംമുമ്പ് മാവോവാദി അനുകൂല പോസ്റ്ററുകള്‍ ഒമ്മല ഭാഗത്ത് കണ്ടിത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ മണ്ണാര്‍ക്കാട് ആനമൂളിയിലും ഇത്തരം പോസ്റ്റുകള്‍ പതിച്ചിരുന്നു. ഭവാനി, ശിരുവാണി ദളങ്ങളിലെ അംഗങ്ങളാണ് അട്ടപ്പാടി മേഖലയില്‍ പ്രവര്‍ത്തനം നടത്തിയിരുന്നത്. അട്ടപ്പാടിയിലെത്തുന്ന മാവോവാദികളില്‍ മിക്കവരും കര്‍ണാടക, തമിഴ്‌നാട് സ്വദേശികളാണ്. സംഘത്തില്‍ മലയാളികളുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും എന്നാല്‍, സംഘത്തിന് മലയാളികളുടെ സഹായം ലഭിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. അട്ടപ്പാടിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയും മാവോവാദികള്‍ കൊല്ലപ്പെടുകയും ചെയ്തതിന്റെ പശ്ചത്തലത്തില്‍ മണ്ണാര്‍ക്കാട് മേഖലയിലെ ആളുകള്‍ ഭീതിയിലായിരിക്കുകയാണ്. ആക്രമണത്തില്‍ ചിതറിയോടിയ മാവോയിസ്റ്റുകള്‍ ആനമൂളി, അമ്പലപ്പാറ മേഖലയിലേക്ക് മാവോയിസ്റ്റുകള്‍ എത്താനുള്ള സാധ്യതയള്ളതായി പോലീസ് പറഞ്ഞു. ഈ കോളനികളിലേക്കുള്ള രഹസ്യ കാട്ടുവഴികളും മാവോയിസ്റ്റുകള്‍ക്ക് സുപരിചിതമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍