ചിദംബരത്തിന് എതിരായ വിധി 'കോപ്പി പേസ്റ്റ്' അല്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന് ജാമ്യം നിഷേധിച്ച വിധിയിലെ ചില ഭാഗങ്ങള്‍ രോഹിത് ടണ്ടണ്‍ കേസിലെ വിധിയുടെ പകര്‍പ്പാണെന്ന ആരോപണം ഡല്‍ഹി ഹൈക്കോടതി നിഷേധിച്ചു. രണ്ട് ദേശീയ ദിനപത്രങ്ങളില്‍ വന്ന വാര്‍ത്ത സ്വമേധയാ പരിഗണിച്ച ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്റ്റ് വാര്‍ത്ത നിര്‍ബന്ധമായും തിരുത്തി നല്‍കാന്‍ രണ്ടു പത്രങ്ങളുടെയും ചീഫ്എഡിറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ചിദംബരത്തിന് ജാമ്യം നിഷേധിച്ചുള്ള വിധിയിലെ 34ാം ഖണ്ഡികയില്‍ രോഹിത് ടണ്ടണ്‍ കേസിലെ ചില ഭാഗങ്ങള്‍ പരാമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്ന് ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്റ്റ് വ്യക്തമാക്കി.ചിദംബരത്തിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതെന്നു നിരീക്ഷിച്ച് നവംബര്‍ 15നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജസ്റ്റിസ് സുരേഷ് കെയ്റ്റ് ജാമ്യം നിഷേധിച്ചത്.വിധിയിലെ 34, 35 ഖണ്ഡികകളിലെ ഭാഗങ്ങള്‍ ചിദംബരം കേസുമായി ബന്ധമില്ലാത്തതാണെന്നാണ് മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയത്. നോട്ടുനിരോധനത്തിനു ശേഷം നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധിക്കുള്ളില്‍ 31.75 കോടിയുടെ കള്ളപ്പണം വെളിപ്പിച്ചെന്ന് ആരോപിച്ചാണ് അഭിഭാഷകനായ രോഹിത് ടണ്ടനെതിരെ ഇ.ഡി കേസെടുത്തത്. ഈ കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ ഭാഗം പകര്‍ത്തിയെന്നാണ് ആരോപണം. ഇതോടെ, വിധിയിലെ വസ്തുതാപരമായ തെറ്റ് തിരുത്താന്‍ ആവശ്യപ്പെട്ട് ഇ.ഡി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തു. ജാമ്യം നിഷേധിച്ചതിനെതിരെ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. '

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍