അയോധ്യാവിധിയില്‍ ജനങ്ങള്‍ പക്വമായി പെരുമാറി: മോദി

ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്കഭൂമി കേസില്‍ സുപ്രീംകോടതി വിധി വന്നതിനു ശേഷം രാജ്യത്തെ ജനങ്ങള്‍ ഐക്യവും സമാധാനവും നിലനിര്‍ത്തിയതിനു നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യ താത്പര്യത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു ജനങ്ങളുടെ പക്വമായ പെരുമാറ്റമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രവിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഈ വിധിയിലൂടെ രാജ്യത്തിനു പുതിയ പാതയിലൂടെ മുന്നേറാന്‍ കഴിയും. സമാധാനത്തിന്റെയും ഐക്യത്തിന്റെയും പാതയിലൂടെ. സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതിനു ശേഷം രാജ്യതാത്പര്യമാണ് ഏറ്റവും പ്രധാനമെന്നും സമാധാനവും ഐക്യവും സൗമനസ്യവുമാണ് രാജ്യത്തിനു വലുതെന്നും തെളിയിക്കപ്പെട്ടു. തുറന്ന മനസോടെയാണ് രാജ്യം വിധിയെ സ്വാഗതം ചെയ്തത്. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം അവസാനിച്ചതിനൊപ്പം രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള ബഹുമാനം രാജ്യത്ത് വര്‍ധിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.രാഷ്ട്രീയക്കാരനല്ലെങ്കില്‍ എന്തു ജോലിയാണു ചെയ്യുകയെന്ന ഡല്‍ഹി സ്വദേശി യുവാവിന്റെ ചോദ്യത്തിന്, രാഷ്ട്രീയക്കാരനാകാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നു പ്രധാനമന്ത്രി മറുപടി നല്‍കി. എന്നാല്‍, ഇപ്പോള്‍ ഏറ്റെടുത്ത ഉത്തരവാദിത്വം കഴിയുന്നത്ര മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ ഏഴ് സായുധ സേനാ ദിനമായി ആചരിക്കുമെന്നും വിദ്യാര്‍ഥികള്‍ക്കായി എക്‌സാം വാരിയര്‍ എന്ന പേരില്‍ പ്രത്യേക എപ്പിസോഡ് പരീക്ഷയ്ക്കു മുമ്പേ പ്രക്ഷേപണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍