ദക്ഷിണാഫ്രിക്കന്‍ ടീമിനെ പാകിസ്താനിലേക്ക് ക്ഷണിച്ച് പി.സി.ബി


ഇസ്ലാമാബാദ്:അടുത്ത മാര്‍ച്ചില്‍ നടക്കുന്ന ടി 20 പരമ്പരയ്ക്ക് ദക്ഷിണാഫ്രിക്കന്‍ ടീമിനെ പാകിസ്താനിലേക്ക് ക്ഷണിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി). പി.സി.ബി സി.ഇ.ഒ വസീം ഖാനാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബറില്‍ റാവല്‍പിണ്ടിയിലും കറാച്ചിയിലുമായി നിശ്ചയിച്ചിരിക്കുന്ന രണ്ട് ടെസ്റ്റുകള്‍ കളിക്കാന്‍ ടീമിനെ അയക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സന്നദ്ധരാണെന്നതിന്റെ ശുഭ സൂചനകള്‍ ലഭിച്ചതായും ലാഹോറില്‍ മാധ്യമങ്ങളോട് സംസാരിച്ച ഖാന്‍ പറഞ്ഞു.പാകിസ്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള കവാടങ്ങള്‍ തുറന്നിരിക്കുന്നു. ടി 20, ഏകദിന പരമ്പരകള്‍ക്കായി ശ്രീലങ്കന്‍ ടീം അടുത്തിടെ നടത്തിയ പര്യടനം തങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ലെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഒരാഴ്ചയ്ക്കുള്ളില്‍ ശ്രീലങ്കന്‍ ബോര്‍ഡ് പര്യടനം സംബന്ധിച്ച് സ്ഥിരീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ടി 20 പരമ്പരക്ക് ദേശീയ ടീമിനെ പാകിസ്താനിലേക്ക് അയയ്ക്കാന്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന് പി.സി.ബി അധികൃതര്‍ വ്യക്തമാക്കി.ഒക്ടോബറില്‍ നടക്കുന്ന ലോക ടി 20 ചാമ്പ്യന്‍ഷിപ്പിന് ഒരുങ്ങാന്‍ ഈ പരമ്പര ഇരു ടീമുകളെയും സഹായിക്കുമെന്നതിനാല്‍ മാര്‍ച്ച് അവസാനത്തോടെ ദക്ഷിണാഫ്രിക്കന്‍ ടീം വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഖാന്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് അനുകൂലമായ മറുപടി നല്‍കിയിട്ടുണ്ടെന്നും അടുത്ത വര്‍ഷം പര്യടനം നടക്കുമെന്നുമാണ് വിശ്വസനീയമായ കേന്ദ്രങ്ങള്‍ അറിയിച്ചിരിക്കുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍