കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ ഇനി പൂര്‍ണമായും ഓണ്‍ലൈന്‍

കുവൈത്ത്:കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കി. പുതിയ ലൈസന്‍സിനും നിലവിലുള്ളത് പുതുക്കുന്നതിനും ഓണ്‍ലൈന്‍ വഴിയാണ് ഇനി അപേക്ഷിക്കേണ്ടത്. പരിഷ്‌കരണം നാളെ മുതല്‍ പ്രാബല്യത്തിലാകും.ലൈസന്‍സ് അപേക്ഷകള്‍ക്കായി ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രത്യേക പേജ് സജ്ജീകരിച്ചിട്ടുണ്ട്. ഇത് വഴി അപേക്ഷിക്കുന്നവര്‍ക്കു പ്രത്യേക സ്ഥലങ്ങളില്‍ സ്ഥാപിച്ച കിയോസ്‌കു വഴിയാണ് ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുക. അവന്യൂസ് മാള്‍, അല്‍ കൂത്ത് മാള്‍, കുവൈത്ത് സിറ്റിയിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനകേന്ദ്രം , ഹവല്ലി ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സെല്‍ഫ് സര്‍വീസ് കിയോസ്‌കുകള്‍ സ്ഥാപിച്ചത്. ലൈസന്‍സ് ഉടമയുടെ ഫോട്ടോ മാറ്റുന്നതുള്‍പ്പെടെ എല്ലാ സേവനങ്ങളും ഇനി ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും വിദേശികള്‍ക്ക് 65 വയസ്സാവുകയോ പ്രഫഷന്‍ മാറുകയോ രാജ്യം വിടുകയോ ചെയ്താല്‍ ലൈസന്‍സ് പുതുക്കാന്‍ കഴിയില്ല. വിദ്യാര്‍ഥിയാണെങ്കില്‍ പഠനകാലം പൂര്‍ത്തിയായാലും അപേക്ഷ നിരസിക്കപ്പെടും. ലൈസന്‍സ് സമ്പദിക്കാന്‍ അനുമതിയുള്ള പ്രഫഷനിലേക്കാണ് മാറ്റമെങ്കില്‍ ഗതാഗത വകുപ്പിനെ സമീപിച്ചു വിവരങ്ങള്‍ പുതുക്കിയാല്‍ ബ്ലോക്ക് ഒഴിവാക്കാം. ആറ് ഗവര്‍ണറേറ്റുകളിലെ വ്യത്യസ്ത സ്ഥലങ്ങളിലായി 15 സെല്‍ഫ് സര്‍വിസ് കിയോസ്‌കുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശ്യം. ലൈസന്‍സ് വിതരണം, പുതുക്കല്‍, കേടുവന്നതോ നഷ്ടപ്പെട്ടതോ ആയ ലൈസന്‍സുകള്‍ക്ക് പകരം വാങ്ങിക്കല്‍ എന്നിവയെല്ലാം കിയോസ്‌കുകള്‍ വഴി സാധിക്കും. സിവില്‍ ഐഡി കാര്‍ഡ് അനുവദിക്കുന്നതിന് സിവില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് അതോറിറ്റി ഒരുക്കിയ സംവിധാനത്തിന് സമാനമായാണ് ഗതാഗത വകുപ്പും സംവിധാനമൊരുക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍