സംസ്ഥാന സ്‌കൂള്‍ കലോത്സവം ലളിതവും ഹരിതവുമാകണം: മന്ത്രി

 കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം ലളിതവും ഗംഭീരവും ഹരിതവുമായ ഉത്സവമായി മാറണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് നിര്‍ദേശിച്ചു. കാഞ്ഞങ്ങാട് സൂര്യ ഓഡിറ്റോറിയത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരങ്ങളില്‍ സമയകൃത്യത പാലിക്കണമെന്നും ഹരിത പെരുമാറ്റച്ചട്ടം കൃത്യമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. വേദികള്‍ തമ്മില്‍ ബന്ധപ്പെടുത്താന്‍ ഹൈടെക് സംവിധാനമുണ്ടാകും. സ്‌കൂള്‍ കലോത്സവം ആര്‍ഭാടത്തിന്റെയും പണക്കൊഴുപ്പിന്റെയും മേളയാകരുത്. ഇതൊരു മത്സരമെന്നതിലുപരി ഉത്സവമാണെന്ന ബോധ്യം എല്ലാവരിലും ഉണ്ടാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കലോത്സവത്തിന്റെ സ്റ്റേജുകളുടെ നിര്‍മാണം ഈ മാസം 25 നകം പൂര്‍ത്തിയാകുമെന്ന് സംഘാടകസമിതി അറിയിച്ചു. ആകെ 30 വേദികളാണ് ഉണ്ടാവുക. ഓരോ വേദികളിലെയും ഇനങ്ങള്‍ ഏതൊക്കെയാണെന്ന് തീരുമാനിക്കുന്ന നടപടിക്രമം പൂര്‍ത്തിയായിവരികയാണ്. യോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. കലോത്സവത്തിനായി തെരഞ്ഞെടുക്കപ്പെട്ട ലോഗോ മന്ത്രി സി. രവീന്ദ്രനാഥ് ജില്ലാ കളക്ടര്‍ ഡോ.സജിത് ബാബുവിന് നല്‍കി പ്രകാശനം ചെയ്തു. കണ്ണൂര്‍ സ്വദേശി പ്രജിത് രൂപകല്പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച കലോത്സവ തുണിസഞ്ചി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ കെ. പി. ജയരാജന്‍, സബ് കളക്ടര്‍ അരുണ്‍ കെ. വിജയന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് തുടങ്ങിയവരും പൊതുവിദ്യാഭ്യാസ വകുപ്പ്, എസ് എസ് എ, കൈറ്റ്, ഡയറ്റ്, പോലീസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു. പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ കെ. ജീവന്‍ ബാബു സ്വാഗതവും ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി. എന്‍. ശിവന്‍ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍