കടക്കെണിയില്‍ പെട്ടവര്‍ക്കൊരു കൈത്താങ്ങായി യു.എ.ഇയില്‍ പുതിയ നിയമം

 യു.എ.ഇ:കടക്കെണിയില്‍ പെട്ടവര്‍ക്ക് തുണയാവുകയെന്ന ലക്ഷ്യത്തോടെ യു.എ.ഇ ആവിഷ്‌കരിച്ച നിയമത്തിന് വ്യാപക പിന്തുണ. ജനുവരി മുതല്‍ നടപ്പിലാകുന്ന നിയമത്തിന്റെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ജയില്‍വാസം ഒഴിവാക്കി കടം വീട്ടാനുള്ള വഴികള്‍ കണ്ടെത്തുന്ന നിയമം നൂറുകണക്കിനാളുകള്‍ക്ക് ഗുണം ചെയ്യും എന്നാണ് വിലയിരുത്തല്‍. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കുറ്റവാളിയായി മാറുന്ന സാഹചര്യം ഇല്ലാതാക്കുക, ജോലിയും ബിസിനസും ചെയ്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള അവസരം വ്യക്തികള്‍ക്ക് ഒരുക്കക എന്നിവയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. ഈ സമയത്ത് ബാങ്കില്‍നിന്ന് വായ്പ എടുക്കാനോ ചെക്കു നല്‍കാനോ വിലക്ക് ഉണ്ടാകില്ല. കടബാധ്യത നിശ്ചിത സമയത്തിനുളളില്‍ തീര്‍ക്കാനുള്ള സാവകാശം വ്യക്തികള്‍ക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യം. സിവില്‍ നടപടിക്രമങ്ങളിലും പൊലീസ് ചെക്ക് കേസുകളിലും പെട്ട് വലയുന്നവര്‍ പ്രതീക്ഷയോടെയാണ് നിയമത്തെ ഉറ്റുനോക്കുന്നത്. യു.എ.ഇയിലെ ബിസിനസ് രംഗത്തുള്ളവരും നിയമത്തെ സ്വാഗതം ചെയ്യുകയാണ്. കിട്ടാനും കൊടുക്കാനുമുള്ള പണത്തിന്റെ വിശദ റിപ്പോര്‍ട്ട് സിവില്‍ കോടതിക്ക് സമര്‍പ്പിച്ചു വേണം സര്‍ക്കാര്‍ വക സമിതിക്ക് പരാതി നല്‍കേണ്ടത്. സമിതിയാണ് ഓരോ കേസിലും തീര്‍പ്പ് കല്‍പ്പിക്കുക. പാപ്പരത്ത നിയമ നടപടിക്രമം അനുസരിച്ച് 3 വര്‍ഷത്തെ സാവകാശമാകും നല്‍കുക.ഇതിനകം കടം തീര്‍ത്തിരിക്കണം. ഈ ഘട്ടത്തില്‍ നിയമനടപടികള്‍ നിര്‍ത്തി വെക്കും. കടംവീട്ടാന്‍ മതിയായ സാവകാശം നല്‍കുകയും കിട്ടാനുള്ളയാള്‍ക്ക് പണം നഷ്ടപ്പെടാത്ത സാഹചര്യം രൂപപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് നിയമത്തിന്റെ പ്രത്യേകതയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍