ടെലിഗ്രാം ക്രിമിനലുകളുടെ സുരക്ഷിത താവളമെന്ന് പോലീസ് ഹൈക്കോടതിയില്‍

കൊച്ചി: ടെലിഗ്രാം എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ക്രിമിനലുകളുടെ സുരക്ഷിത താവളമായി മാറിയെന്നും നിയമങ്ങള്‍ പാലിക്കാന്‍ ഇത്തരം ആപ്ലിക്കേഷനുകളെ ബാധ്യസ്ഥരാക്കുന്ന നടപടി വേണമെന്നും പോലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ടെലിഗ്രാം ആപ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി അഥീന സോളമന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കി സൈബര്‍ഡോം ഓപറേഷന്‍ ഓഫീസര്‍ എ. ശ്യാംകുമാര്‍ സത്യവാങ്മൂലം നല്‍കിയത്.
ക്രിമിനല്‍ കേസുകളില്‍ പോലീസ് ആവശ്യപ്പെട്ടാല്‍ വിവരം നല്‍കാന്‍ ആപ്ലിക്കേഷനുകളെ ബാധ്യസ്ഥരാക്കുന്ന തരത്തിലുള്ള നടപടി അനിവാര്യമാണെന്നും പോലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
വാട്‌സ്അപ് പോലെയുള്ള മെസേജിംഗ് ആപ്ലിക്കേഷനുകള്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ ടെലിഗ്രാമില്‍ യൂസര്‍ നെയിമാണ് വേണ്ടത്. ഇതു മൂലം ഉപഭോക്താവിനു രഹസ്യമായിരിക്കാന്‍ കഴിയും. ഗ്രൂപ്പ്, ചാനല്‍ അഡ്മിനുകളില്‍ നിന്നുപോലും തങ്ങളുടെ നന്പര്‍ മറച്ചുവയ്ക്കാനും ഇവര്‍ക്ക് കഴിയും. ഇത്തരം സാഹചര്യങ്ങളില്‍ അശ്ലീല വീഡിയോകളും സിനിമകളുമൊക്കെ പിടിക്കപ്പെടാതെ പങ്കുവയ്ക്കാനും ഈ ആപ്ലിക്കേഷനിലൂടെ കഴിയും. ഫേസ് ബുക്ക് മെസഞ്ചര്‍, വാട്‌സ് അപ് തുടങ്ങിയവ പോലെ ടെലിഗ്രാം പോലീസുമായി സഹകരിക്കുന്നില്ല. ഇതിന്റെ സെര്‍വറുകള്‍ ഇന്ത്യക്ക് പുറത്താണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ടെലിഗ്രാം ഇതുവരെ ഒരു ഉപഭോക്താവിന്റെയും വിവരങ്ങള്‍ പോലീസിന് നല്‍കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍